Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യ പ്രതികരണങ്ങൾ വേണ്ട, സംഘടനയ്ക്കുള്ളിൽ പരിഹരിക്കണം: അമ്മ

AMMA-General-Body

കൊച്ചി ∙ താരങ്ങളുടെ പരസ്യ പ്രതികരണങ്ങൾക്കു തടയിട്ടു താരസംഘടന അമ്മ. സംഘടനയിലെ ചർച്ചകൾക്കു മുൻപ് പരസ്യ പ്രതികരണം വേണ്ടെന്നു കാണിച്ച് അമ്മ ലഘുലേഖ വിതരണം ചെയ്തു. പ്രശ്‌നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അതു സംഘടനയ്ക്കുള്ളിൽ സംസാരിച്ചു തീർക്കണമെന്നും പരസ്യ പ്രതികരണങ്ങൾക്കു മുതിരരുതെന്നുമാണു പ്രധാന നിർദേശം.

കഴിഞ്ഞ ജനറൽ ബോഡിയിലെ നിർദേശങ്ങളും തീരുമാനങ്ങളും വിശദീകരിക്കുന്ന ലഘുലേഖയിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രവർത്തന മേഖലയിലോ അംഗങ്ങൾ തമ്മിലോ ഇതര സംഘടനയുമായോ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഭരണ സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിനാവശ്യമായ രേഖകൾ കൈമാറുകയും ചെയ്താൽ, എത്രയും വേഗം പരിഹാരം കണ്ടെത്താൻ കഴിയുന്ന രീതിയിലാകും പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെന്നു ലഘുലേഖയിൽ ഉറപ്പ് നൽകുന്നു.

എന്നാൽ, സംഘടനയിൽ ചർച്ചകൾ നടത്തുന്നതിനു മുൻപു മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളും ചർച്ചകളും നടത്തി സ്വയം അപഹാസ്യരാവരുത്. ഇത്തരത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയാൽ അത് അമ്മയ്ക്കും മലയാള സിനിമാ വ്യവസായത്തിനും നഷ്ടം മാത്രമേ ഉണ്ടാകൂവെന്നും അമ്മ താരങ്ങളെ ഓർമിപ്പിച്ചു.

താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ രേവതി, പാർവതി, പത്മപ്രിയ എന്നിവരെ ഓഗസ്റ്റ് ഏഴിന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൂടുതൽ ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. ഇവർക്ക് പുറമേ ജോയ് മാത്യു, ഷമ്മി തിലകൻ എന്നിവരെയും കമ്മ‌ിറ്റ‌ിയിലേക്കു വിളിച്ചതായും ലഘുലേഖയിൽ പറയുന്നു.