Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീപ്രവേശനം: കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത്

sabarimala

കൊച്ചി ∙ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയങ്ങളിൽ കോടതിയല്ല തീരുമാനമെടുക്കേണ്ടതെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം. ഭരണഘടന എഴുതുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന ഹൈന്ദവ സംസ്കാരവും ആചാരങ്ങളും പരിഷ്കരിക്കപ്പെടണമെങ്കിൽ ഹൈന്ദവ വിശ്വാസങ്ങളെ പരിഗണിക്കേണ്ടതുണ്ട്.

വിശ്വാസത്തെയും വിശ്വാസികളെയും പരിഗണിക്കാതെ എടുക്കുന്ന ഏതു തീരുമാനവും മതസ്പർധയും സംഘർഷവും വളർത്തും. ക്ഷേത്രം തന്ത്രിയും ഭരണസമിതിയും ആലോചിച്ചു ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ദേവപ്രശ്നം നടത്തി പ്രശ്നം പരിഹരിക്കണം. കോടതിയിൽ വിചാരണ നടക്കുമ്പോൾ പുറത്തു ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുന്നു. വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ്. ഏതു മതവിഭാഗത്തിൽപെട്ടവർക്കും ആ വിശ്വാസമനുസരിച്ച് ആരാധന നടത്താനുള്ള പൂർണ സ്വാതന്ത്ര്യം ഭരണഘടന നൽകുന്നു.

സ്ത്രീകൾക്ക് ഇത്രയും ഉന്നതപദവി കൊടുക്കുന്ന മതം വേറെയില്ല. നാരീ പൂജയും സ്ത്രീകൾക്കു മാത്രമുള്ള പൊങ്കാലകളും അതിനുദാഹരണമാണ്. ഹൈന്ദവ സമൂഹത്തെയും ക്ഷേത്രങ്ങളെയും സംരക്ഷിക്കാൻ ഓരോ ക്ഷേത്ര വിശ്വാസിയും ശക്തമായ ഇടപെടലുകൾ നടത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.