Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽക്കിളികളുമായി ഗഡ്കരിയുടെ ചർച്ച വെള്ളിയാഴ്ച

Central team in Keezhattoor

ന്യൂഡൽഹി∙ കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി സമരസമിതിയായ വയൽക്കിളികളുമായി വെള്ളിയാഴ്ച ചർച്ച നടത്തും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന മാനിച്ചാണിതെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു.

വെള്ളിയാഴ്ച ഒരു മണിക്കു ഗതാഗതമന്ത്രാലയത്തിൽ നടക്കുന്ന ചർച്ചയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, പി.കെ.കൃഷ്ണദാസ്, മലയാളികളായ ബിജെപി എംപിമാർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വയ‌ലുകളും തണ്ണീർത്തടങ്ങളും നികത്തിയുള്ള നിലവിലെ ബൈപാസ് രൂപരേഖ മാറ്റണമെന്നു ബിജെപി യോഗത്തിൽ ആവശ്യപ്പെടും. വയലുകൾ ഒഴിവാക്കിയുള്ള ബദൽ രൂപരേഖ യോഗത്തിൽ അവതരിപ്പിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.

യോഗത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട്, സംസ്ഥാന സർക്കാരിനെ ദേശീയപാത അതോറിറ്റി ഔദ്യോഗികമായി അറിയിക്കും. ശാസ്ത്രീയവും പ്രായോഗികവുമായ ബദൽ രൂപരേഖയനുസരിച്ച് ഏതാനും വീടുകൾ മാത്രമേ നഷ്ടമാകൂ. നിലവിൽ എസ് ആകൃതിയിൽ കടന്നുപോകുന്ന ബൈപാസ്, തുരുത്തി പട്ടികജാതി കോളനിയിലെ വീടുകൾ തകർത്തേ നിർമിക്കാനാവൂ. വയലുകളും നിക‌ത്തേണ്ടി വരും. ജനങ്ങളുടെയല്ല, മാഫിയകളുടെ താൽപര്യമാണു കീഴാറ്റൂരിൽ സിപിഎം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നു കൃഷ്ണദാസ് ആരോപിച്ചു.