Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

hanan

കൊച്ചി ∙ ഉപജീവനത്തിനും പഠനാവശ്യങ്ങൾക്കും വേണ്ടി പണം സമ്പാദിക്കാൻ കോളജ് യൂണിഫോമിൽ തമ്മനത്തു മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യങ്ങളിലൂടെ അപമാനിച്ച കേസിൽ കൊല്ലം സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ കേസിൽ ഗുരുവായൂർ സ്വദേശി വിശ്വനാഥനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ സിയാദിനു ജാമ്യം ലഭിച്ചു. ഹോട്ടൽ ജീവനക്കാരനായ സിയാദിനെ പാലാരിവട്ടം പൊലീസ് ചേർത്തലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവരുടെ കൂട്ടത്തിൽ സിയാദുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ പങ്കാളികളായ മറ്റു പ്രതികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ചിലരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം അതതു രാജ്യത്തെ പൊലീസ്, അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, അവരുടെ സ്പോൺസർമാർ എന്നിവർക്ക് ഇന്ത്യൻ എംബസി വഴി കേരള പൊലീസ് വിവരങ്ങൾ കൈമാറും.

സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി തമ്മനത്തു മീൻവിൽപന നടത്തി വാർത്തയാക്കിയെന്ന ആരോപണം അശ്ലീലച്ചുവയോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെയാണു കൊച്ചി സിറ്റി സൈബർ പൊലീസ് ത‌ിരഞ്ഞു കണ്ടുപിടിക്കുന്നത്. വിദ്യാർഥിനിക്കെതിരെ വ്യക്തിഹത്യാപരമായ പരാമർശങ്ങളാണു പ്രതികൾ നടത്തിയത്. കേസിൽ സൈബർ പൊലീസിന്റെ അന്വേഷണം ശക്തമായതോടെ പ്രതികളിൽ പലരും പോസ്റ്റുകൾ പിൻവലിച്ചതും പ്രതികളെ എളുപ്പം തിരിച്ചറിയാൻ അന്വേഷണ സംഘത്തിനു സഹായകരമായി.

ഹനാനെതിരായ അപവാദ പ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായ പലരും സ്വമേധയാ പൊലീസിനു കൈമാറിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനും തെളിവുകൾ നൽകിയിരുന്നു. നേരത്തെ വയനാട് സ്വദേശി നൂറുദീൻ, ഓൺലൈൻ മാധ്യമ റിപ്പോർട്ടർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വിട്ടിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ആദ്യഘട്ടത്തിൽ സമൂഹമാധ്യമങ്ങളിലെ സൈബർ കുറ്റാവാളികളായ 10 പേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇവരുടെ അപകീർത്തി പോസ്റ്റുകൾ പ്രചരിപ്പിച്ചവരെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിൽ പിടികൂടും.