Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല തീർഥാടകരെ സമുദായമായി കണക്കാനാവില്ല: സുപ്രീം കോടതി

Sabarimala-Temple

ന്യൂഡൽഹി ∙ സമുദായമെന്നത് അനിശ്ചിത സങ്കൽപമല്ലെന്നും ശബരിമലയിൽ ദർശനം നടത്തുന്നവരെ സമുദായമായി (ഡിനൊമിനേഷൻ) പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി വാക്കാൽ വ്യക്തമാക്കി. 

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ ഇന്നും വാദം തുടരും. ഹർജിക്കാരുടെ ആവശ്യത്തെ എതിർക്കുന്ന അമിക്കസ് ക്യൂറി കെ.രാമമൂർത്തി ഇന്നു വാദിക്കും. 

ഇടപെടൽ ഹർജി നൽകിയ അഭിഭാഷക ഉഷ നന്ദിനിക്കുവേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണനാണു ശബരിമലയിലെ ഭക്തരെ ഒരു സമുദായമായി കണക്കാക്കണമെന്ന വാദമുന്നയിച്ചത്. അതിനു മറുപടിയായി കോടതി പറഞ്ഞത്:

∙ശബരിമല ഹൈന്ദവക്ഷേത്രം തന്നെയാണ്. എന്നാൽ, ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശനമുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത് മലചവിട്ടുന്നവരെ മാത്രമായി സമുദായമായി കണക്കാക്കുന്നതെങ്ങനെ?

∙അയ്യപ്പഭക്തർ ഒരു സമുദായമാണെങ്കിൽ, ശബരിമലയിൽ പോകാത്ത അയ്യപ്പഭക്തർ അതിന്റെ ഭാഗമല്ലെന്നുണ്ടോ?

∙ഒരു ക്ഷേത്രത്തിലെ ഭക്തർക്ക് ആചാരങ്ങളുടെ പേരിൽ മാത്രം സമുദായ പദവിയെന്നത് ഏതു ക്ഷേത്രത്തിലെയും വിശ്വാസികൾക്ക് അവകാശപ്പെടാനാവും. മതാധിഷ്ഠിത സമുദായമെന്നതിന് അത്തരം പരിഗണനകൾ മാത്രം മതിയാവില്ല.

ഗോപാൽ ശങ്കരനാരായണന്റെ മറ്റു വാദങ്ങൾ:

∙ജാതിമത വ്യത്യാസമില്ലാതെ പ്രവേശനമനുവദിക്കുന്നതാണ് ശബരിമല ക്ഷേത്രം. ഭരണഘടനയുടെ 25 (2) വകുപ്പിൽ പറയുന്ന ‘ഹിന്ദുമത സ്ഥാപനങ്ങൾ’ എന്ന ഗണത്തിൽ ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനത്തിനു നിയമമുണ്ടാക്കാൻ സർക്കാരിന് അനുമതി നൽകുന്നതാണ് 25 (2) വകുപ്പ്, കോടതിക്ക് അധികാരം നൽകുന്നതല്ല.

∙1965 ലെ കേരള ഹിന്ദു ആരാധനാസ്ഥല നിയമവും അതിന്റെ ചട്ടങ്ങളും ശബരിമലയ്ക്കു ബാധകമാവില്ല. അഹിന്ദുക്കൾക്കു പ്രവേശനമുള്ള ആരാധനാസ്ഥലങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ പെടില്ല.

∙ചട്ടം 3(എ) അഹിന്ദുക്കൾക്കു പ്രവേശനം നിരോധിക്കുന്നതാണ്. 1965 ലെ നിയമവും ചട്ടങ്ങളും അതേപടി പ്രയോഗിച്ചാൽ  ക്ഷേത്രത്തിന്റെയും അയ്യപ്പ ഭക്തരുടേതായ സമുദായത്തിന്റെയും സ്വഭാവം മാറും. മറ്റുവിഭാഗങ്ങളുടെ പ്രവേശനം തർക്ക വിഷയമായേക്കും.   

അയ്യപ്പ ധർമ സേനയ്ക്കുവേണ്ടി വി.കെ.ബിജു:

∙പ്രതിഷ്ഠ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നു എന്നതിന്റെ അർഥം ഭക്തരും നൈഷ്ഠിക ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നാണ്. 

∙ശബരിമല കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തിന്റെ ഭാഗമാണ്. 

തീർഥാടനത്തിൽ എരുമേലിയിലെ മുസ്‌ലിം പള്ളിയും ഉൾപ്പെടുന്നു. അർത്തുങ്കൽ ദേവാലയത്തെയും ബന്ധപ്പെടുത്തി ഐതിഹ്യങ്ങളുണ്ട്. 

∙ശബരിമലയിലെ രീതികളെക്കുറിച്ചു ധാരണകളില്ലാത്ത വ്യക്തിയുടെ ലേഖനത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാണ് ഹർജി. വസ്തുതകൾ പഠിക്കാൻ കമ്മിഷനെ നിയോഗിക്കണം. 

സംസ്ഥാന സർക്കാരും ഈ ആവശ്യം ഉന്നയിച്ചിരുന്നതാണ്. തന്ത്രിയുടെ അഭിപ്രായവും പരിഗണിക്കണം. 

ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സർക്കാർ സത്യവാങ്മൂലത്തിലുള്ള പരാമർശങ്ങൾ ഒരു നോവലിസ്റ്റിന്റെയും ഒരു പ്രഫസറുടെയും അഭിപ്രായങ്ങൾ മാത്രം.