Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി അപ്പീലിനു പോകുന്നത് പുതിയ പട്ടികയിലെ ഉദ്യോഗാർഥികൾക്കു വേണ്ടി: ചെയർമാൻ

PSC

കൊല്ലം ∙ റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നിന്നു നേടുന്ന അനുകൂലവിധിക്കെതിരെ പിഎസ്‌സി സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നതു പുതിയ പട്ടികയിലെ ഉദ്യോഗാർഥികളുടെ അവകാശത്തിനു വേണ്ടിക്കൂടിയാണെന്നു ചെയർമാൻ എം.കെ.സക്കീർ. റാങ്ക് പട്ടികയുടെ കാലാവധി സംബന്ധിച്ച സ്വന്തം തീരുമാനത്തെ പിഎസ്‌സിക്ക് ഉയർത്തിപ്പിടിക്കേണ്ടതുമുണ്ടെന്നും ചെയർമാൻ പറഞ്ഞു.

പിഎസ്‌സി നിയമനശുപാർശ നൽകിയ നാലായിരത്തിൽപരം പേരെ കെഎസ്ആർടിസിയിൽ നിയമിക്കേണ്ടതില്ലെന്നതു സർക്കാർ തീരുമാനമാണ്. പരീക്ഷ നടത്തിയാൽ നിയമനശുപാർശ നൽകുന്നതാണു പിഎസ്‌സിയുടെ ചുമതല. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ സൗകര്യാർഥം സംസ്ഥാനത്തെ എല്ലാ പിഎസ്‌സി ഓഫിസുകളിലും ലിഫ്റ്റ് അല്ലെങ്കിൽ താഴത്തെ നിലയിൽ അഭിമുഖത്തിന് ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിൽ ഇത്തരം സൗകര്യങ്ങൾക്കു പരിമിതിയുണ്ട്. സ്വന്തം കെട്ടിടങ്ങൾ വരുന്നതോടെ ഇതിനു പരിഹാരമാകും.

നടപടികളുടെ കാലതാമസം സംബന്ധിച്ച പുതിയ തലമുറയുടെ ആശങ്ക പരിഹരിക്കാൻ ഇ ഓഫിസ് പോലുള്ള സംവിധാനങ്ങൾ സഹായിക്കും. അപേക്ഷിച്ചതു മുതൽ നിയമനശുപാർശ വരെയുള്ള ഫയൽനീക്കം വിലയിരുത്താനും ഉദ്യോഗാർഥികൾക്കു കഴിയും. സംസ്ഥാനത്തെ 13 പിഎസ്‌സി ഓഫിസുകളിൽ ഈ സംവിധാനമായി. പിഎസ്‌സിയിൽ സമ്പൂർണ ഇ ഓഫിസ് സംവിധാനത്തിന്റെ ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും.

സംസ്ഥാന ഓഫിസിൽ മാത്രം 36,000 ഫയലുകളാണ് കൈകാര്യം ചെയ്യുന്നത്. പ്രതിവർഷം ഒന്നരക്കോടി അപേക്ഷകരാണു പിഎസ്‌സിയുടെ സഞ്ചിതനിധിയിലേക്ക് അപേക്ഷിക്കുന്നത്. വജ്രജൂബിലിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം ആയിരത്തി എണ്ണൂറോളം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2009 മുതൽ 2016 വരെയുള്ള കുടിശിക ഇക്കാര്യത്തിൽ തീർത്തതായും ചെയർമാൻ പറഞ്ഞു.