Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനു സർക്കാരിന്റെ സംരക്ഷണവുമുണ്ടാകും: മുഖ്യമന്ത്രി

hanan തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കാനെത്തിയ ഹനാൻ അദ്ദേഹത്തോടൊപ്പം ഓഫിസിൽ. ചിത്രം: മനോരമ.

തിരുവനന്തപുരം∙ ജീവിക്കാനായി മീൻ വിൽപനയ്ക്കിറങ്ങിയതിനെ തുടർന്നു സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ ആക്രമണത്തിനിരയായ കോളജ് വിദ്യാർഥിനി ഹനാനു സർക്കാരിന്റെ എല്ലാ സംരക്ഷണവുമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഉറപ്പ്. നല്ല ധൈര്യത്തോടെ മുന്നോട്ടു പോകണമെന്നു തന്നെ സന്ദർശിച്ച ഹനാനെ മുഖ്യമന്ത്രി ഉപദേശിച്ചു. താൻ സർക്കാരിന്റെ മകളാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഹനാന്റെ പ്രതികരണം.

പ്രതിസന്ധിയിൽ പിന്തുണച്ച മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിക്കുകയായിരുന്നു ഹനാന്റെ ഉദ്ദേശ്യം. മന്ത്രിസഭാ യോഗം കഴിഞ്ഞയുടൻ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. മകളെപ്പോലെ സംരക്ഷിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഹനാൻ പറഞ്ഞു. മകളെന്ന രീതിയിൽ ഒരു പെൺകുട്ടി ആഗ്രഹിക്കുന്നത് അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ്. അതു സർക്കാർ തരുമെന്നു മുഖ്യമന്ത്രിയെ കണ്ടശേഷം ഹനാൻ പറഞ്ഞു. ഒരാൾക്കും തന്റെ മേൽ കൈവയ്ക്കാൻ കഴിയില്ലെന്ന വിശ്വാസമുണ്ട്. തന്റെ നെറ്റിയിൽ ഒരു വെടിയുണ്ട പോലും പതിക്കില്ലെന്നും വിശ്വാസമുണ്ട്. മനസ്സു തൊട്ടാണ് ഇതു പറയുന്നത്. എല്ലാ സംരക്ഷണവും തരുമെന്നാണു മുഖ്യമന്ത്രിയുടെ വാഗ്ദാനം. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. 

പഠനച്ചെലവു സർക്കാർ വഹിക്കുന്നതിനെക്കുറിച്ചു വല്ലതും പറഞ്ഞോ എന്ന ചോദ്യത്തിന്, ‘‘മകളുടെ സംരക്ഷണമെന്നു പറയുമ്പോൾ പഠനവും സുരക്ഷയുമെല്ലാം ഉൾപ്പെടുമല്ലോ’’ എന്നായിരുന്നു ഹനാന്റെ മറുപടി. 

ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നിയെന്നു മുഖ്യമന്ത്രി പിന്നീടു ഫെയ്സ്ബുക്കിൽ കുറിച്ചു. സൈബർ കേസുകളിൽ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം ഹനാന് ഉറപ്പുനൽകി. ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജിനൊപ്പമാണു ഹനാൻ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് കുറിപ്പ്: ഹനാൻ വന്നു കണ്ടിരുന്നു. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണു ഹനാൻ. അന്നു സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്നു കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ പറഞ്ഞു.

ഹനാന് അപകീർത്തി: കോട്ടയം സ്വദേശി കസ്റ്റഡിയിൽ

കൊച്ചി ∙ മൽസ്യക്കച്ചവടം നടത്തിയ വിദ്യാർഥിനി ഹനാനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയ കോട്ടയം സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണസംഘത്തിനു സൈബർ സെൽ കൈമാറിയ 24 സൈബർ കുറ്റവാളികളുടെ പട്ടികയിലെ പ്രധാനിയാണു കസ്റ്റഡിയിലുള്ള കോട്ടയം സ്വദേശി. വളരെ മോശം ഭാഷയിൽ ഹനാനെതിരെ ഇയാൾ പ്രചാരണം നടത്തിയിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ ഗുരുവായൂർ സ്വദേശി വിശ്വനാഥൻ, കൊല്ലം സ്വദേശി സിയാദ് എന്നിവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തന്നെയാവും മറ്റു പ്രതികൾക്കുമെതിരെ ചുമത്തുക.