Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസ് നേതാക്കൾ ഒത്തു ചേർന്നു; വീണ്ടും ലയന ചർച്ചകൾ

kerala-congress കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച പി.ടി. ചാക്കോ അനുസ്മരണ സമ്മേളന വേദിയിൽ കൈകൾ കോർത്തുപിടിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് അധ്യക്ഷൻ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് അധ്യക്ഷൻ പി.സി. തോമസ്‍, കേരള കോൺഗ്രസ് (എം) അധ്യക്ഷൻ കെ.എം. മാണി എംഎൽഎ, കേരള കോൺഗ്രസ് (ജേക്കബ്) അധ്യക്ഷൻ ജോണി നെല്ലൂർ എന്നിവർ. ചിത്രം ∙മനോരമ

കോട്ടയം ∙ വിവിധ കേരള കോൺഗ്രസ് നേതാക്കൾ ഒത്തുചേർന്നപ്പോൾ വീണ്ടും ലയന ചർച്ച. കേരള കോൺഗ്രസ് (തോമസ് വിഭാഗം) നടത്തിയ പി.ടി.ചാക്കോ അനുസ്മരണ വേദിയിലാണ് നേതാക്കൾ തമ്മിൽ വേദിയിൽ കേരള കോൺഗ്രസിന്റെ ലയനം സംബന്ധിച്ച് അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. അധ്യക്ഷ പ്രസംഗത്തിൽ പി.സി. തോമസ് തന്നെ ‍കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്നാണു പൊതുതാൽപര്യമെന്നു പറഞ്ഞതോടെയാണ് തുടക്കം. എല്ലാവരും വിവിധ മുന്നണികളിലായതിനാൽ പെട്ടെന്നു ലയനം സാധ്യമല്ലെങ്കിലും ഇതു നല്ല അവസരമാണെന്നു പി.സി.തോമസ് പറഞ്ഞു. 

ജനാധിപത്യ ഐക്യത്തിന്റെ വക്താവായിരുന്നു പി.ടി.ചാക്കോയെന്നു പറഞ്ഞ് ഉദ്ഘാടന പ്രസംഗം ആരംഭിച്ച കെ.എം.മാണി ഐക്യത്തിനു മുൻപ് ആദ്യം വേണ്ടത് സൗഹൃദമാണെന്നു പറഞ്ഞു. വെറുതെ കൂട്ടിക്കെട്ടി ഉടനെ ഐക്യമെന്നു പറയുന്നതിൽ കാര്യമല്ല. ആദ്യം സൗഹൃദം, പിന്നെ ഐക്യം. കേരള കോൺഗ്രസിന്റെ പുനരൈക്യത്തിനും ശാക്തീകരണത്തിനും ഈ സമ്മേളനം ഉപകരിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും മാണി പറഞ്ഞു. 

കേരള കോൺഗ്രസ് ആദ്യം രൂപീകരിച്ചപ്പോൾ ലക്ഷ്യംവച്ച ദൗത്യങ്ങളിൽനിന്നു പലപ്പോഴായി പലരും മാറിയതു വേർതിരിവിനു കാരണമായെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. പി.ടി.ചാക്കോയ്ക്കൊപ്പം പ്രവർത്തിച്ച കെ.എം.മാണി മുൻകയ്യെടുത്തു കേരള കോൺഗ്രസുകളെ ഒരുമിപ്പിക്കണമെന്നു ജോണി നെല്ലൂർ പറഞ്ഞതോടെ കയ്യടി ഉയർന്നു. മക്കളേ, നമുക്ക് ഒരു പാർട്ടി മതിയെന്നു കെ.എം.മാണി പറഞ്ഞാൽ എല്ലാവർക്കും അത് ഉൾക്കൊള്ളാൻ കഴിയുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു. 

അതോടെ വിവിധ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ചുമതല പി.സി.തോമസ് തന്നെ ഏറ്റെടുക്കട്ടെയെന്നു വേദിയിൽ ഇരിക്കുകയായിരുന്ന കെ.എം.മാണി പ്രതികരിച്ചു. എല്ലാവരും ആ നിർദേശത്തെ പിന്താങ്ങി. 

ചുമതല സന്തോഷപൂർവം ഏറ്റെടുക്കുന്നെന്നും പാർട്ടി ഒന്നായാൽ ഒരു സ്ഥാനവും ആവശ്യപ്പെടില്ലെന്നും പി.സി.തോമസും പ്രഖ്യാപിച്ചു. തുടർന്ന് കെ.എം. മാണിയും പി.സി. തോമസും ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജും പരസ്പരം കൈ കൊടുത്തു. 

കേരള കോൺഗ്രസ് വൈസ് ചെയർമാൻമാരായ അഹമ്മദ് തോട്ടം, ജോസ് മാളിയേക്കൽ, രാജൻ കണ്ണാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഗ്രേയ്സമ്മ മാത്യു എന്നിവരും പ്രസംഗിച്ചു. കേരള കോൺഗ്രസ് (ബി) അധ്യക്ഷൻ ആർ.ബാലകൃഷ്ണപിള്ള യോഗത്തിന് എത്തിയില്ലെങ്കിലും പ്രതിനിധിയെ അയച്ചിരുന്നു.