Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകളിലൂടെയുള്ള ലഹരിക്കടത്ത് തടയാൻ പ്രത്യേക വിഭാഗത്തിന് ശുപാർശ

തിരുവനന്തപുരം∙ സുരക്ഷ ശക്തമാക്കുന്നതിനും ട്രെയിനുകളിലൂടെയുള്ള ലഹരിക്കടത്ത് ഫലപ്രദമായി തടയുന്നതിനുമായി ഒരു എസ്്പിയുടെ കീഴിൽ റെയിൽവേ പൊലീസ്‌ ഇന്റലിജൻസ്് ആൻഡ് ഓപ്പറേഷൻസ്് വിഭാഗം ആരംഭിക്കണമെന്നു സംസ്ഥാന പൊലീസ്് മേധാവി ലോക്്നാഥ്് ബെഹ്റ സർക്കാരിനു ശുപാർശ സമർപ്പിച്ചു. 

നിലവിലുള്ള റെയിൽവേ എസ്്പി തസ്തിക ഐജി തസ്തികയായി ഉയർത്തണമെന്നും അഭ്യർഥിച്ചു. റെയിൽവേക്കായി പ്രത്യേക ഡോഗ്് സ്ക്വാഡ്് ആരംഭിക്കുന്നതിനും കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

റെയിൽവേ പ്രൊട്ടക്‌ഷൻ സേനയും (ആർപിഎഫ്്) കേരള പൊലീസിന്റെ ഭാഗമായുള്ള റെയിൽവേ പൊലീസുമാണു കേരളത്തിലെ റെയിൽവേ സുരക്ഷ കൈകാര്യം ചെയ്യുന്നത്്. യാത്രക്കാരുടെ സുരക്ഷ, സ്റ്റേഷനുകളിലെ ക്രമസമാധാനപാലനം എന്നിവയാണു റെയിൽവേ പൊലീസിന്റെ ചുമതല. റെയിൽവേ എസ്്പിയാണ്് ഇപ്പോൾ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്്. 1027 കിലോമീറ്റർ ദൂരം കേരള റെയിൽവേ പൊലീസിന്റെ അധികാരപരിധിയിൽ വരുന്നു. ദിവസേന 280 ട്രെയിനുകളിലായി ഏകദേശം അഞ്ച്് ലക്ഷം പേർ യാത്ര ചെയ്യുന്നു. 

സ്്ത്രീകളുൾപ്പെടെയുള്ള ട്രെയിൻ യാത്രക്കാർക്കു സുരക്ഷിതത്വം ഒരുക്കുന്നതോടൊപ്പം വർധിച്ചുവരുന്ന തീവ്രവാദ ഭീഷണികൾ, ബോംബ്് ഭീഷണി, കള്ളക്കടത്ത്്, ലഹരിമാഫിയാ സംഘങ്ങളുടെ പ്രവർത്തനങ്ങൾ, റെയിൽവേ പരിസരത്തുണ്ടാകുന്ന മോഷണങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നതിനും റെയിൽവേ പൊലീസ്് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ പുതിയ തസ്തികകൾ അനിവാര്യമാണ്. മാവോയിസ്റ്റ്് സാന്നിധ്യ മേഖലകളിൽ നിന്നുള്ള ഭീഷണികളുടെയും അട്ടിമറി ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ റെയിൽവേ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ശുപാർശയിൽ പറയുന്നു.