Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായിക്കാൻ ‘അമ്മ’; വേണ്ടെന്നു നടി; കക്ഷിചേരാൻ ഹണിയും രചനയും

rape-case

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ താരസംഘടനയായ ‘അമ്മ’ ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നൽകിയ ഹർജിയിൽ കക്ഷിചേർക്കണമെന്ന ‘അമ്മ’ ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിർത്തു. താൻ ‘അമ്മ’യുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി അറിയിച്ചു. നടിയുടെ നിലപാടിനെ പിന്തുണച്ചു സർക്കാരും രംഗത്തെത്തി.

നടിയുടെ ഹർജിയെ സഹായിക്കുക മാത്രമാണു ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടി ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരാണു കക്ഷിചേരാനെത്തിയത്. എന്നാൽ, സ്വന്തമായി കേസ് നടത്താൻ പ്രാപ്തിയുണ്ടെന്നു നടിയുടെ അഭിഭാഷകൻ അറിയിച്ചു. നീതി ഉറപ്പാക്കാൻ പ്രശസ്തനായ, 25 വർഷമെങ്കിലും പരിചയസമ്പത്തുള്ള ക്രിമിനൽ നിയമ അഭിഭാഷകനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, നടിയുമായി കൂടിയാലോചിച്ച് 32 വർഷം പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയിട്ടുള്ളതെന്നു സർക്കാർ ചൂണ്ടിക്കാട്ടി.

നടിയുടെ ഹർജിയിലെ ആവശ്യങ്ങൾക്കു സർക്കാരിന്റെ പിന്തുണയുണ്ടെന്നും അറിയിച്ചു. 32 വർഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോൾ 25 വർഷം പരിചയമുള്ള ആളെ വേണമെന്നു പറയുന്നത്, ‘ഒന്നുമറിയാത്തതുകൊണ്ടോ, കൂടുതൽ അറിയുന്നതുകൊണ്ടോ’ ആണെന്നു നടിയുടെ അഭിഭാഷകനും പറഞ്ഞു. സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തിൽ വിയോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു.

 കക്ഷി ചേരാനെത്തിയവര്‍ക്ക്‌ ഈ കേസിലുള്ള താൽപര്യമെന്ത്? കോടതി

കക്ഷിചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യം എന്താണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. തുറന്നുകാട്ടാൻ മറ്റൊരുപാടു കാര്യങ്ങളുണ്ടല്ലോ എന്നും വാക്കാൽ പരാമർശിച്ചു. അമ്മ ഭാരവാഹികൾ കക്ഷിചേരാൻ നൽകിയ അപേക്ഷയ്ക്കു രേഖാമൂലം മറുപടി സമർപ്പിക്കാൻ നടിക്ക് അവസരം അനുവദിച്ചിട്ടുണ്ട്. വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാർക്കു നൽകിയ കത്തിനു കിട്ടിയ മറുപടി അറിയിക്കാൻ സർക്കാരിനോടും പറഞ്ഞിട്ടുണ്ട്.

നടി നേരിടേണ്ടിവന്ന ആക്രമണം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു രചനയും ഹണിയും കക്ഷിചേരാനെത്തിയത്. കേസ് വിചാരണ ദിവസങ്ങളിൽ ഇരയുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ തൃശൂർ ജില്ലയിലേക്കു വിചാരണ മാറ്റുന്നതു സഹായകമാകും. വനിതാ ജഡ്ജിയും ആവശ്യമാണ്. കേസിൽ സഹായിക്കാൻ തങ്ങളെ കക്ഷിചേർക്കണമെന്നും ആവശ്യപ്പെട്ടു.

ദിലീപിന്റെ ഹർജി 16ലേക്കു മാറ്റി ഇതിനിടെ, നടിയെ ഉപദ്രവിച്ച കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി 16ലേക്കു മാറ്റി. സുപ്രീം കോടതിയിൽനിന്നു മുതിർന്ന അഭിഭാഷകൻ ഹാജരാകാൻ എത്തുമെന്നു സൂചനയുണ്ട്.

ദിലീപിന്റെ ഹർജി 16ലേക്കു മാറ്റി

നടിയെ ഉപദ്രവിച്ച കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി 16ലേക്കു മാറ്റി. സുപ്രീം കോടതിയിൽനിന്നു മുതിർന്ന അഭിഭാഷകൻ ഹാജരാകാൻ എത്തുമെന്നു സൂചനയുണ്ട്.

related stories