Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് അംഗീകാരത്തിൽ ക്രമക്കേട്: സിബിഐ കുറ്റപത്രം വീണ്ടും

cbi

കൊച്ചി ∙ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾക്ക് എഐസിടിഇ അംഗീകാരം നൽകുന്നതിൽ ക്രമക്കേടു നടത്തിയെന്നാരോപിച്ച് സിബിഐ ഒരു കുറ്റപത്രംകൂടി സമർപ്പിച്ചു. വടക്കാഞ്ചേരി പാലൂർ മലബാർ കോളജ് ഓഫ് എൻജിനീയറിങ്, ഉടമ കെ.എസ്. ഹംസ, നടത്തിപ്പുകാരായ ഐക്യുആർഎ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ന്യൂഡൽഹി സ്വദേശി ഡോ.രഞ്ജിത്ത് സിങ് എന്നിവർക്കെതിരെയാണു കുറ്റപത്രം സമർപ്പിച്ചത്.

അംഗീകാരം നൽകുന്നതിൽ ക്രമക്കേട് ആരോപിച്ചു നടത്തിയ ആദ്യ അന്വേഷണം 2009ൽ അവസാനിപ്പിച്ചിരുന്നു. പിന്നീട് 2017ൽ നടത്തിയ തുടരന്വേഷണത്തിലാണു പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആരോപണ വിധേയരായ എഐസിടിഇ അധികാരികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണു സിബിഐയുടെ നീക്കം. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ മഞ്ജു സിങായിരുന്നു എഐസിടിഇ മേഖലാ ഡയറക്ടർ. ഇവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങൾ കോളജിലില്ലെന്നു സിബിഐ കണ്ടെത്തി.

സിബിഐ കൊച്ചി യൂണിറ്റിലെ ഇൻസ്പെക്ടർ എസ്.എസ്. ചൗഹാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സമാനമായ കേസിൽ പഴഞ്ഞി തേജസ് എൻജിനീയറിങ് കോളജിനെതിരെയും സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി 2009ൽ അന്വേഷണം അവസാനിപ്പിച്ച കേസിലാണു പിന്നീടു കൂടുതൽ തെളിവുകൾ സിബിഐ കണ്ടെത്തിയത്.