Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂർ: ഫെഡറൽ സംവിധാനത്തെ മാനിക്കണമെന്നു കുഞ്ഞാലിക്കുട്ടി

PK Kunhalikutty

കോഴിക്കോട്∙ ദേശീയപാതയിലെ കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ മാനിക്കണമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിനു സ്ഥലമെടുത്തതു സംബന്ധിച്ചു പരാതികളുണ്ട്. ഇതു കണക്കിലെടുക്കാതെയാണു പലയിടത്തും ഭൂമി ഏറ്റെടുത്തിരിക്കുന്നത്. എന്നിരുന്നാലും ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ സംസ്ഥാനത്ത് ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അസം പ്രശ്നത്തിൽ രാജ്യത്തെ പൗരൻമാരെ അപരൻമാരാക്കുന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഭരണം നിലനിർത്താൻ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന നിലപാടാണു സംഘപരിവാർ ആവിഷ്ക്കരിക്കുന്നത്. അസം പ്രശ്നത്തിൽ സുപ്രീം കോടതി ഉത്തരവിനെ മറയാക്കി സംഘപരിവാറിനു തോന്നുന്ന കാര്യങ്ങൾ നടപ്പാക്കുകയാണ്. ഈ വിഷയത്തിൽ എട്ടിനു ചേരുന്ന മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ശക്തമായ നിലപാടു സ്വീകരിക്കുമെന്നും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോളർ കേസിൽ സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായിട്ടുണ്ടെന്ന് അന്നു തന്നെ അറിയാവുന്ന കാര്യമായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാനായി കെട്ടിച്ചമച്ച കേസായിരുന്നു അത്. അദ്ദേഹത്തിന്റെ കൂടെയുള്ളവരിൽ ചിലർ ചെയ്ത തെറ്റിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ ശക്തമാക്കാനാണു ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.