Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുവിദ്യാഭ്യാസം: കേന്ദ്ര വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി രവീന്ദ്രനാഥ്

c-raveendranath

തിരുവനന്തപുരം∙ പൊതുവിദ്യാഭ്യാസ രംഗത്തു കേരളത്തിനുള്ള കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതായി മന്ത്രി സി.രവീന്ദ്രനാഥ്. സർവശിക്ഷാ അഭിയാൻ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർഎംഎസ്എ) എന്നിവ ഏകോപിപ്പിച്ചു പ്രീപ്രൈമറി മുതൽ 12 വരെയുള്ള ക്ലാസുകളെ ലക്ഷ്യംവച്ചു സമഗ്രശിക്ഷാ പദ്ധതിയാണ് കേന്ദ്രം ഈ ഏപ്രിൽ മുതൽ നടപ്പാക്കുന്നത്. കേന്ദ്ര മാനവശേഷി വകുപ്പിന്റെ അറിയിപ്പു പ്രകാരം ഇതിനായി കേരളത്തിന് അനുവദിച്ചത് 206.06 കോടി രൂപ മാത്രമാണ്. 31,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകിയപ്പോൾ അതിന്റെ 0.67% മാത്രമാണു കേരളത്തിന് അനുവദിച്ചത്.

അധ്യാപക പരിശീലനമടക്കമുള്ള പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, സംസ്ഥാന സർക്കാർ 1941 കോടിയുടെ പദ്ധതി സമർപ്പിച്ചിരുന്നു. ഇങ്ങനെ അംഗീകരിക്കപ്പെടുന്ന പദ്ധതിയുടെ 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരും വഹിക്കണം. കേന്ദ്ര സർക്കാർ അയച്ച കത്തുപ്രകാരം കേരളത്തിന്റെ വിഹിതം 413.43 കോടി രൂപയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ചു നിവേദനം നൽകിയതിനെ തുടർന്ന് അനുവദിച്ച വിഹിതത്തിൽ നാമമാത്ര വർധന വരുത്താൻ തയാറായി. തുടർന്നു പ്രോജക്ട് അപ്രൂവൽ ബോർഡ് 437.64 കോടിയുടെ പദ്ധതി തത്വത്തിൽ അംഗീകരിച്ചു. ഇതനുസരിച്ചു കേരളത്തിന്റെ ആകെ പദ്ധതി 729.40 കോടി രൂപയുടേതായി നിജപ്പെടുത്തി. സാമ്പത്തിക വിതരണത്തിന്റെ മാനദണ്ഡം ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ കേരളത്തിന് 900 കോടി രൂപയുടെ കേന്ദ്ര വിഹിതം ലഭിക്കേണ്ടതാണ്.

സംസ്ഥാന വിഹിതമടക്കം1500 കോടിയിലധികം അടങ്കൽ വരുന്ന തുക ഉപയോഗിച്ചു നമുക്ക് അർഹതപ്പെട്ട പദ്ധതി നടപ്പാക്കാമായിരുന്നു. ഇതാണു കേന്ദ്രവിഹിതം 206 കോടി രൂപയാക്കി കുറച്ചതിലൂടെ 343.34 കോടിയുടെ പദ്ധതിയായി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ കലാകായിക പ്രവൃത്തിപരിചയ വിഭാഗത്തിലെ സ്പെഷലിസ്റ്റ് അധ്യാപകർക്ക് 25,200 രൂപ വേതനം നൽകിയിരുന്നത് 7000 രൂപയായി വെട്ടിക്കുറച്ചു. അതിൽ തന്നെ കേന്ദ്രവിഹിതം 4200 രൂപ മാത്രമാണ്. ബിഹാർ, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അധിക തുക നൽകി. തമിഴ്നാട്, ഉത്തരപ്രദേശ് തുടങ്ങി കേന്ദ്രസർക്കാരിനു താൽപര്യമുള്ള സംസ്ഥാനങ്ങളുടെ തുകയിൽ നാമമാത്ര കുറവു വരുത്തിയപ്പോൾ കേരളത്തിന്റെ പദ്ധതി തുക പകുതിയിലേറെ വെട്ടിക്കുറച്ചുവെന്നു രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

related stories