Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂർ: പുതിയ അലൈൻമെന്റിന് എതിരെ സിപിഎം പ്രചാരണം

keezhattor-vayal വയൽക്കിളി സമരം നടന്ന കീഴാറ്റൂർ വയൽ ഇപ്പോൾ. വെള്ളക്കെട്ടിൽ കാണുന്നതാണ് രണ്ടാമതു നിർമിച്ച സമരപ്പന്തൽ.

തളിപ്പറമ്പ് ∙ കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിൽ വയൽക്കിളികൾ കേന്ദ്ര സർക്കാരിനു സമർപ്പിച്ചതായി പറയുന്ന പുതിയ അലൈൻമെന്റിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രചാരണം ആരംഭിച്ചു. ഔദ്യോഗികമായിട്ടല്ലെങ്കിലും ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സിപിഎം പ്രവർത്തകർ പുതിയ അലൈൻമെന്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

വയലിനു പകരം ദേശീയപാത

ബൈപാസ് നിർമിക്കേണ്ട വഴി എന്ന പേരിൽ തങ്ങൾ ഒരു നിർദേശവും പ്രത്യേകമായി സമർപ്പിച്ചിട്ടില്ലെന്നും നിലവിലെ ദേശീയപാത വികസനവും കീഴാറ്റൂർ, കൂവോട് വഴിയുള്ള ചില നിർദേശങ്ങളും മാത്രമാണു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുൻപാകെ നൽകിയതെന്നാണു വയൽക്കിളികളുടെ വിശദീകരണം. കീഴാറ്റൂർ വയൽ സംരക്ഷിച്ചു ചുരുങ്ങിയ വീടുകൾ മാത്രം ഏറ്റെടുക്കലിൽ ഉൾപ്പെടുന്ന തരത്തിലാണു നിർദേശം നൽകിയതെന്നും ഇവർ പറയുന്നു.

ഇതേസമയം, വയൽക്കിളികൾ ഡൽഹിയിൽ നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവന്ന അന്നുതന്നെ കീഴാറ്റൂരിൽ സിപിഎമ്മിന്റെ സംയുക്ത ബ്രാഞ്ച് സമ്മേളനം നടന്നിരുന്നു. ബൈപാസ് അലൈൻമെന്റ് മാറുന്നതുൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്തു. കർഷക സംഘടനകളും പോഷക ഘടകങ്ങളും ഉൾപ്പെടെയുള്ളവയെ പങ്കെടുപ്പിച്ചു നേരത്തേ തീരുമാനിച്ച യോഗമാണു നടന്നതെന്നാണു പാർട്ടി വിശദീകരണം.

പാർട്ടിഗ്രാമത്തിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ വേരുറപ്പിക്കുന്നതു തടയാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ നിർദേശമുയർന്നതായി സൂചനയുണ്ട്. നിർദിഷ്ട കീഴാറ്റൂർ വയലിന്റെ പടിഞ്ഞാറെ കര വഴിയാണു പുതിയ അലൈൻമെന്റ് നിർദേശം വരുന്നതെങ്കിൽ നമ്പ്രാടത്ത് ജാനകി ഉൾപ്പെടെയുള്ള ഒട്ടേറെ പേരുടെ വീടുകൾ ഇതിൽ ഉൾപ്പെടുമെന്നു സിപിഎം ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ നിന്നു മാറി കൂവോട് വഴിയാണെങ്കിൽ അവിടെയും ഒട്ടേറെ വീടുകളും വയൽമേഖലകളും ഉണ്ടെന്നും ആരോപണമുണ്ട്. ഒരു വീടു പോലും നഷ്ടമാകാത്ത തരത്തിൽ കീഴാറ്റൂർ വയലിലൂടെ കടന്നുപോകുന്ന ബൈപാസിനെ ജനങ്ങൾ താമസിക്കുന്ന സ്ഥലത്തു കൂടി മാറ്റേണ്ട ആവശ്യമില്ലെന്നാണു സിപിഎം ഉയർത്തുന്ന വാദം.

എന്നാൽ, ഏതു വഴിയാണ് ഉചിതമെന്നു തിരഞ്ഞെടുക്കേണ്ടതു കേന്ദ്ര സർക്കാരാണെന്നും ഇത്രയും കാലം സിപിഎം നേതൃത്വവും മന്ത്രിമാരും ഇതു തന്നെയാണു പറഞ്ഞിരുന്നതെന്നാണു മറുഭാഗം വാദിക്കുന്നത്. കേന്ദ്ര സർക്കാർ നിർദേശിച്ച സ്ഥലം ഏറ്റെടുത്തു നൽകുക മാത്രമാണു തങ്ങൾ ചെയ്യുന്നതെന്ന് ഇത്രയും നാൾ പറഞ്ഞു നടന്നവർ ഇപ്പോൾ കേന്ദ്രത്തെ പഴിചാരുന്നതിൽ കാര്യമില്ലെന്നും വയൽക്കിളി പ്രവർത്തകർ പറയുന്നു.