Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെതിരെ അപവാദം: രണ്ടു പേർ കൂടി അറസ്റ്റിൽ

muhammed-athul മുഹമ്മദ് അബ്ദുൽ റൗഫ്, അതുൽ.

കൊച്ചി ∙ ഉപജീവനത്തിനും പഠനാവശ്യങ്ങൾക്കുമായി മൽസ്യക്കച്ചവടം നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി കോറോത്ത്പാറ അതുൽ (24), കോഴിക്കോട് വൈദ്യരങ്ങാടി കോട്ടുബന്തറമ്മൽ മുഹമ്മദ് അബ്ദുൽ റൗഫ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

അടിമാലി സ്വദേശി ബേസിൽ സക്കറിയ, ചങ്ങനാശേരി സ്വദേശി പ്രശാന്ത്, ഗുരുവായൂർ സ്വദേശി വിശ്വനാഥൻ, കൊല്ലം സ്വദേശി സിയാദ് എന്നിവരാണു നേരത്തെ അറസ്റ്റിലായത്. 

അസഭ്യമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിൽ ഹനാനെ അപമാനിച്ചവരാണ് അറസ്റ്റിലായ മുഴുവൻ പ്രതികളും. ഇവരുടെ ഏതാനും കാലത്തെ സമൂഹ മാധ്യമങ്ങളിലെ നടപടികൾ സൈബർ സെൽ പരിശോധിച്ചു.  സ്ത്രീകളടക്കമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇവർ മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള പല പോസ്റ്റുകളും കണ്ടെത്തിയതോടെ ഇവർ സ്ഥിരം സൈബർ കുറ്റവാളികളാണെന്ന് ബോധ്യപ്പെട്ടു. 

അപകീർത്തികരമായ പോസ്റ്റുകളിടുകയും സമാനമായ മറ്റു പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്ത 24 സൈബർ കുറ്റവാളികളുടെ പട്ടികയാണു അന്വേഷണ സംഘത്തിനു ലഭിച്ചത്. വിദേശ മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഹനാൻ സംഭവത്തോടെ സമൂഹ മാധ്യമങ്ങളിൽ സമാനമായ അപകീർത്തി പ്രചാരണത്തിനും ആക്രമണത്തിനും ഇരകളായ കൂടുതൽ പേർ പൊലീസിനെ സമീപിക്കുന്നുണ്ട്. 

വ്യക്തിഹത്യക്കു പുറമേ, കുടുംബജീവിതം തകർക്കുന്ന വ്യാജപ്രചാരണങ്ങൾ സൈബർ ക്രിമിനലുകൾ സംഘടിതമായി നടത്തുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തെ സൈബർ ഡോമിനു പുറമേ പൊലീസ് ജില്ലാ ആസ്ഥാനങ്ങളിലും സാങ്കേതികത്തികവുള്ള സൈബർ സെല്ലുകൾ ഉടൻ സ്ഥാപിക്കും. ഇതോടെ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസിനു കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്നു അധികാരികൾ പറഞ്ഞു.