Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹലോ മന്ത്രീ, താങ്കളുടെ എടിഎം ബ്ലോക്കായി, ശരിയാക്കിത്തരട്ടേ?

E. Chandrasekharan

തിരുവനന്തപുരം∙ ഓൺലൈൻ ബാങ്ക് തട്ടിപ്പു സംഘങ്ങളിൽനിന്നു മന്ത്രിക്കും രക്ഷയില്ല. മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചാണു തട്ടിപ്പു ശ്രമം നടന്നത്. 

നാലുദിവസം മുൻപ് ഔദ്യോഗിക മൊബൈൽ ഫോൺ നമ്പരിലേക്കു വന്ന കോൾ മന്ത്രി തന്നെയാണ് എടുത്തത്. എടിഎം കാർഡ് ബ്ലോക്കായെന്നും പിൻനമ്പർ പറഞ്ഞുതന്നാൽ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. ഹിന്ദിയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ മലയാളത്തിൽ പറയൂ എന്നായി മന്ത്രി.

അതോടെ സംസാരം മലയാളത്തിലായി. സംശയം തോന്നിയപ്പോൾ ഫോൺ ഗൺമാനു കൈമാറി. പിന്നീടുള്ള ദിവസങ്ങളിലും പിൻനമ്പർ ചോദിച്ചു തുടർച്ചയായി വിളിയെത്തി. തിരിച്ചുവിളിച്ചാൽ ഫോൺ എടുക്കില്ല. ഒടുവിൽ മന്ത്രിയുടെ ഫോണിലേക്കാണു വിളിക്കുന്നതെന്നു ഗൺമാൻ പറഞ്ഞതോടെ വിളി നിന്നു.

മന്ത്രിയുടെ നിർദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സാജു കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകി. തട്ടിപ്പുകാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഫോൺവിളി ഡൽഹിയിൽ നിന്നാണെന്നു കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലെടുത്ത നമ്പറാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.