Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ: വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കുമിടെ നിർണായക കൂടിക്കാഴ്ച ഇന്ന്

amma-general-body-meeting

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടന അമ്മയുടെ നേതൃത്വവും വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്നു കൂടിക്കാഴ്ച നടക്കാനിരിക്കെ അനേകം ട്വിസ്റ്റുകളുള്ളൊരു ക്രൈംത്രില്ലറിനു സമാനമാണ് അണിയറക്കഥകൾ.

കക്ഷിചേരൽ

നടിയെ ഉപദ്രവിച്ച കേസിൽ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവിൽ വിവാദം സൃഷ്ടിച്ചത്. താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയർന്നെന്നാണു സൂചനകൾ.

നടിയുടെ ഹർജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. സ്വന്തമായി കേസ് നടത്താൻ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹർജി പിൻവലിച്ചേക്കും.

അമ്മ രണ്ടു തട്ടിലോ

പുതിയ നീക്കങ്ങൾ അമ്മ നേതൃത്വത്തെ രണ്ടു തട്ടിലാക്കിയെന്ന പ്രചാരണം ശക്തമാണ്. വൈകിയ വേളയിൽ നടിയെ സഹായിച്ചു മുഖം രക്ഷിക്കാൻ അമ്മ നേതൃത്വം നടത്തിയ നീക്കമാണു ഹർജിയെന്നു വിമർശനം ഉയർന്നുകഴിഞ്ഞു. വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കത്തു തയാറാക്കി മുഖ്യമന്ത്രിക്കു നൽകാൻ ശ്രമിച്ചെങ്കിലും മറുപക്ഷം അതു പൊളിച്ചുവെന്നും ആരോപണമുണ്ട്.

സർക്കാരിനു മുന്നിൽ നിവേദനം എത്തിക്കാൻ കഴിയാതെ വന്നതോടെയാണു നടിയെ അനുകൂലിക്കുന്ന വിഭാഗം കോടതിയിൽ കക്ഷി ചേരാൻ ശ്രമിച്ചത്. ലാലിന്റെ അനുമതിയും ലഭിച്ചു. പക്ഷേ, നടി വിമുഖത പ്രകടിപ്പിച്ചതോടെ ആ ശ്രമവും ദുർബലമായി.

ചർച്ചയുടെ തുടക്കം

നടിയെ ഉപദ്രവിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെതിരെ ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി പ്രതിഷേധിച്ചതോടെയാണു പ്രശ്നം ചർച്ച ചെയ്യാമെന്ന് അമ്മ നേതൃത്വം കഴിഞ്ഞ മാസം സമ്മതിച്ചത്. ഇന്നു നടക്കാനിരിക്കുന്ന ചർച്ചയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.