Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാഥാലയങ്ങളിൽ മറ്റു ജില്ലകളിലെ കുട്ടികളെ താമസിപ്പിക്കുന്നതിന് വിലക്ക്

child-welfare

തിരുവനന്തപുരം∙ ഒരു ജില്ലയിൽ പ്രവർത്തിക്കുന്ന അനാഥാലയങ്ങളിൽ ഇതര ജില്ലകളിലെ‌ കുട്ടികളെ താമസിപ്പിക്കരുതെന്നു സംസ്ഥാന സർക്കാ‍ർ. ഇതോടെ കേരളത്തിലെ ​എ​ഴുനൂറോളം അനാഥാലയങ്ങളിലെ ആയിരക്കണക്കിനു കുട്ടികളെ പറഞ്ഞുവിടേണ്ട ഗതികേടിൽ അധികൃതർ. ബാലനീതി നിയമം കർശനമാക്കണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായാണു സാമൂഹിക നീതി വകുപ്പിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടി.

ജില്ലാ ശിശുക്ഷേമ സമിതികളാണ് ഇതു സംബന്ധിച്ച് അനാഥാലയങ്ങൾക്കു നിർദേശം നൽകിയത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അനാഥാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന നിബന്ധന കർശനമാക്കിയതോടെ കൂടുതൽ കുട്ടികളെ ഏറ്റെടുക്കാനാവാത്ത അവസ്ഥയിലാണു മിക്ക അനാഥാലയങ്ങളും. അധ്യയന വർഷം തുടങ്ങിയതിനാൽ സ്കൂൾ മാറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും അനാഥാലയ അധികൃതർ സർക്കാരിനെ അറിയിച്ചുവെങ്കിലും അനൂകൂല നടപടി ഉണ്ടായില്ല.

സുപ്രീംകോടതി ഉത്തരവിനെ തുടർന്നു സംസ്ഥാനത്തെ 334 അനാഥാലയങ്ങൾ പൂട്ടിയിരുന്നു. ഇവിടങ്ങളിലെ ആറായിരത്തോളം കുട്ടികളെ പറഞ്ഞുവിട്ടു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരാമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ടു അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.