Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ‘സേവനം’ അവകാശമല്ല

കൊച്ചി∙ ‘സേവനം ഇപ്പോൾ അവകാശം’ എന്ന സന്ദേശവുമായി നടപ്പാക്കിയ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പെടില്ലെന്ന് അധികൃതർ. സേവനാവകാശ നിയമപ്രകാരമുള്ള ഒരു കാര്യവും ആവശ്യപ്പെട്ടുകൊണ്ടു വകുപ്പിലേക്കു വരേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പെടെ നാൽപത്തഞ്ചിലേറെ വകുപ്പുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നു നിയമത്തിന്റെ ഉള്ളടക്കത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതു കണ്ടിട്ടില്ലെന്ന മട്ടാണ് ഉന്നതർക്ക്. നിയമം നടപ്പാക്കുന്ന ഏജൻസി എന്ന നിലയിൽ തങ്ങൾ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് അവർ പറയുന്നു.

വിവരാവകാശ നിയമപ്രകാരം മനുഷ്യാവകാശ സംരക്ഷണ സമിതിക്കു നൽകിയ മറുപടിയിലാണു ഭക്ഷ്യസുരക്ഷാ വകുപ്പു നയം വ്യക്തമാക്കുന്നത്. ഇറച്ചിക്കോഴികളിലെ ഹോർമോൺ പ്രയോഗത്തെക്കുറിച്ചുള്ള പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ വൈകിയപ്പോഴാണു സേവനാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചത്. ‘ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല’ എന്ന മറുപടിയാണ് ഇതിനു ലഭിച്ചത്. 2012ൽ നടപ്പാക്കിയ സേവനാവകാശ നിയമത്തിന്റെ ഉള്ളടക്കത്തിൽ ഏതൊക്കെ വകുപ്പുകൾക്ക് നിയമം ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

റവന്യു വകുപ്പിൽ തുടങ്ങുന്ന ഈ പട്ടികയിൽ അഞ്ചാം സ്ഥാനക്കാരാണു ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ്. മൊത്തം 46 വകുപ്പുകളാണ് ആദ്യ പുസ്തകത്തിലെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്തൊക്കെ സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്നും ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കു നൽകേണ്ട ശിക്ഷകളും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളം ഉൾപ്പെടെ ഭക്ഷ്യ സാംപിളുകൾ പരിശോധിച്ചു റിപ്പോർട്ട് നൽകുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും പദവിയും സേവനാവകാശ സമയപരിധിയും ഇതിൽ നിർവചിച്ചിട്ടുണ്ട്.