Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനെ ‘നിരീക്ഷിച്ചത്’ പ്ലേ സ്റ്റോർ ആപ് വഴി

Mobile Phone

കൊച്ചി ∙ ഭർത്താവിന്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യ ഉപയോഗിച്ചതു നിരീക്ഷണ ആപ് ആയ ‘ട്രാക്ക് വ്യൂ’. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഈ ആപ് മക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടി രക്ഷിതാക്കളും സംശയമുള്ളവരെ നിരീക്ഷിക്കാൻ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളും ഉപയോഗിക്കാറുണ്ട്. ആപ് സ്ഥാപിച്ച ഫോൺ സ്പൈ ക്യാമറയുടെ ഗുണം ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടു ഫോണും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സമയത്തെല്ലാം മുന്നിലെയും പിന്നിലെയും ക്യാമറകളും മൈക്രോഫോണും വഴി ദൃശ്യങ്ങളും ശബ്ദവും നിരീക്ഷണ ഫോണിൽ ലഭിക്കും.

സംഭവത്തിൽ ആലപ്പുഴ വണ്ടാനം പുതുവൽ അജിത്തിനെ (32) കൊച്ചി സിറ്റി പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തു സ്വകാര്യവിവരങ്ങൾ ചോർത്തിയ കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്. മൂന്നു വർഷം തടവും രണ്ടു ലക്ഷം വരെ രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഒന്നാം പ്രതി അജിത്തിന്റെ സുഹൃത്തായ അമ്പലപ്പുഴ സ്വദേശി ശ്രുതി(22)യാണ് കേസിലെ രണ്ടാം പ്രതി. ശ്രുതിയുടെ ഭർത്താവ് എളമക്കര സ്വദേശി അദ്വൈതാണു പരാതിക്കാരൻ. ജോലി സംബന്ധമായി വിദേശത്തായിരുന്നപ്പോൾ അദ്വൈതിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴു ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ കുടുംബവഴക്കാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയത്. 

അദ്വൈത് നാട്ടിലെത്തിയപ്പോൾ വഴക്കു മൂർഛിച്ചു. തുടർന്നു ശ്രുതി കുഞ്ഞുമായി സ്വന്തം നാട്ടിലേക്കു മടങ്ങി. ഒരുമിച്ചു താമസിച്ചിരുന്നപ്പോൾതന്നെ ശ്രുതി ഭർത്താവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യ ആപ്ലിക്കേഷൻ ഫോണിൽ സ്ഥാപിച്ചിരുന്നതായി പറയുന്നു. ഫോൺ ഉപയോഗിക്കുന്നവർക്കു നേരിട്ടു കാണാനാവാത്ത വിധം സ്ക്രീനിൽനിന്നു മറച്ചുവയ്ക്കാവുന്ന ആപ്പാണ് ഉപയോഗിച്ചത്. 

mobile-trap അജിത്ത്

ശ്രുതി പിന്നീട് ഇടയ്ക്കിടെ അദ്വൈതിനെ ഫോണിൽ വിളിച്ചു പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംസാരത്തിനിടെ അദ്വൈത് അന്ന് എവിടെയൊക്കെ പോയി, ആരെയെല്ലാം കണ്ടു, എന്തെല്ലാം സംസാരിച്ചു തുടങ്ങിയ കാര്യങ്ങളും ശ്രുതി പറയാൻ തുടങ്ങി. ഭർത്താവിന്റെ ചില സ്വകാര്യ ദൃശ്യങ്ങൾ തനിക്കു ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ ഫോണിലൂടെയാണു വിവരങ്ങൾ ചോരുന്നതെന്ന് അദ്വൈത് സംശയിച്ചു. അങ്ങനെയാണ് സ്മാർട് ഫോണിൽ സാങ്കേതിക ജ്ഞാനമുള്ള സുഹൃത്തിന്റെ സഹായം തേടിയത്. അദ്വൈതിന്റെ ഫോൺ പരിശോധിച്ച സുഹൃത്ത് ഫോണിലെ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ, ജിപിഎസ് ലൊക്കേഷൻ എന്നിവ വിദൂരത്തുള്ള മറ്റൊരു ഫോണിലൂടെ നിയന്ത്രിക്കാവുന്ന രഹസ്യ അപ്ലിക്കേഷൻ കണ്ടുപിടിച്ചു. 

അപ്ലിക്കേഷന്റെ സെറ്റിങ്സ് തുറന്നു പരിശോധിച്ചപ്പോഴാണ് അദ്വൈതിന്റെ ഫോണിലെ ആപ്പിനെ നിയന്ത്രിക്കുന്നതു കേസിലെ ഒന്നാം പ്രതി അജിത്തിന്റെ ഫോണിൽ നിന്നാണെന്നു മനസ്സിലായത്. അജിത്തുള്ള സ്ഥലവും അയാളുടെ ചിത്രവും അതേ അപ്ലിക്കേഷൻ ഉപയോഗിച്ചു കണ്ടെത്തി കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ ഹേമേന്ദ്രനാഥിനു പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ അജിത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ്, വിവരങ്ങൾ ഷാഡോ പൊലീസിനു കൈമാറി. ഇയാളെ അമ്പലപ്പുഴയിൽനിന്നു പിടികൂടുകയായിരുന്നു.

related stories