Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഡീകോശ ഗവേഷണം: മലയാളിക്കും നേട്ടം

കൊച്ചി ∙ പാർക്കിൻസൺസ്, അൽസ്ഹൈമേഴ്സ് തുടങ്ങി നാഡീരോഗങ്ങൾക്കു ചികിൽസ കണ്ടെത്താനുള്ള ഗവേഷണത്തിൽ നേട്ടം കൈവരിച്ചവരിൽ കൊച്ചി സ്വദേശി ഡോ.ഹരി പത്മനാഭനും. തലച്ചോറിലെ കേടുവന്ന നാഡീകോശങ്ങൾക്കു പകരം നന്നായി പ്രവർത്തിക്കുന്നവ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ എലികളിൽ വിജയകരമായി ചെയ്താണു ഹാർവഡ് സർവകലാശാലയിലെ ഡോ.ഹരി ഉൾപ്പെടുന്ന സംഘം ശ്രദ്ധേയരായത്. എലിയുടെ ഭ്രൂണത്തിലെ ‘സെറിബ്രൽ കോർട്ടെക്സ്’ ഭാഗത്തുനിന്നുള്ള ന്യൂറോണുകളെടുത്ത് കേടുപറ്റിയവയ്ക്കു പകരം വച്ചുപിടിപ്പിക്കുകയായിരുന്നു. ന്യൂറോൺ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഏറ്റവും വിജയകരമായ ഫലങ്ങളാണു ലഭിച്ചത്.

കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷിൽനിന്ന് എടുത്ത ഫ്ലൂറസന്റ് പ്രോട്ടീൻ ആവരണം (ഇജിപിഎഫ്) ഉപയോഗിച്ച ന്യൂറോണുകളാണു വച്ചുപിടിപ്പിച്ചത്. അതിനാൽ തൊട്ടടുത്തുള്ള സ്വാഭാവിക ന്യൂറോണുകൾക്കിടയിൽ പുതിയവയെ നിരീക്ഷിക്കാൻ എളുപ്പമായെന്നു ഡോ. ഹരി പറയുന്നു.
വച്ചുപിടിപ്പിക്കേണ്ടത് വളർച്ചയെത്താത്ത ന്യൂറോണുകളെയാണെങ്കിലും അവ കോശവികസനത്തിൽ മൂപ്പെത്തുമെന്ന് ഡോ. ഹരി പറയുന്നു. പുതിയ ന്യൂറോണുകൾക്ക് പഴയവയുമായി ഇണങ്ങിച്ചേരാൻ കഴിയുന്നുണ്ട് എന്നതു നിർണായകമാണ്. ഏറെപ്പേർക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താൻ ഇതു ഭാവിയി‍ൽ സഹായകമാകും.

ഹാർവഡിലെ ഡോ. ജെഫ്രി മക്‌ലിസിന്റെ നേതൃത്വത്തിൽ ഡോ.തോമസ് വുട്കെയുടെ ടീമിലാണു ഡോ. ഹരി ഉൾപ്പെടുന്ന സംഘം. നേച്ചർ ന്യൂറോസയൻസ്’ ഇതുസംബന്ധിച്ച പ്രബന്ധങ്ങൾ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. രവിപുരം ടെംപിൾ ലെയ്ൻ വൃന്ദാവനിൽ കേരള സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റി സെക്രട്ടറി കൂടിയായ യു.പത്മനാഭന്റെയും കെ.രാധക്കുഞ്ഞമ്മയുടെയും മകനാണു ഡോ. ഹരി. ബിറ്റ്സ് പിലാനിയിൽനിന്ന് ലൈഫ് സയൻസ് ഇന്റഗ്രേറ്റഡ് എംഎസ്‌സി, ബിഫാം, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്ഡി എന്നിവ നേടിയ ഡോ. ഹരി ബോസ്റ്റണിലെതന്നെ ക്രിസ്പർ തെറപ്പറ്റിക്സിലെ ബ്രെയിൻ റിസർച്ച് വിഭാഗം മേധാവിയുമാണ്.

ഡോ. ഹരി പത്മനാഭൻ:

വച്ചുപിടിപ്പിച്ച നവ ന്യൂറോണുകൾക്കു പരിസരത്തുള്ള പ്രായംചെന്നവയുമായി പെട്ടെന്ന് ബന്ധം സ്ഥാപിക്കാനും ശൃംഖലയ്ക്കാകെ ചെറുപ്പം സൃഷ്ടിക്കാനും കഴിഞ്ഞെന്നു പരീക്ഷണം തെളിയിക്കുന്നു. വച്ചുപിടിപ്പിക്കുന്ന ന്യൂറോണുകൾക്ക് ആക്സോണുകൾ എന്നറിയപ്പെടുന്ന വേരുപടലം പോലുള്ള ഭാഗങ്ങൾവഴി സമീപത്തുള്ള ന്യൂറോണുകളിലേക്കു ബന്ധമുണ്ടാക്കാൻ കഴിയുന്നു എന്നതു ചെറിയ കാര്യമല്ല. കോശങ്ങൾ കേടാകുന്നതുമൂലമോ വാഹനാപകടം ഉൾപ്പെടെയുള്ള പരുക്കുകൾമൂലമോ ന്യൂറോണുകൾ തകരാറിലാകുമ്പോൾ ഇത്തരം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സഹായകമാകും.