Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; സിപിഎം സംസ്ഥാന കമ്മിറ്റി നാളെ

E.P. Jayarajan

തിരുവനന്തപുരം∙ ഇ.പി.ജയരാജനെ തിരികെ കൊണ്ടുവന്നുള്ള മന്ത്രിസഭാ അഴിച്ചുപണിക്കു സിപിഎം ചർച്ച തുടങ്ങുന്നു. നാളെ മൂന്നിനു സംസ്ഥാന കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. തിങ്കളാഴ്ച രാവിലെ 11ന് ഇടതുമുന്നണി നേതൃയോഗവും വിളിച്ചതോടെ അഭ്യൂഹം കനത്തു. സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അറിയിപ്പു ചൊവ്വാഴ്ച രാത്രിയാണ് അംഗങ്ങൾക്കു ലഭിച്ചത്. എന്നാൽ അവർക്കോ, സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കോ അജൻഡയിൽ ജയരാജൻ വിഷയമുണ്ടെന്ന അറിയിപ്പു ലഭിച്ചിട്ടില്ല.

അതിനാൽത്തന്നെ മന്ത്രിമാരടക്കം ഉന്നത നേതാക്കൾക്ക് ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. മൂന്ന്, നാല് തീയതികളിൽ ചേർന്ന പൊളിറ്റ്ബ്യൂറോ യോഗം ജയരാജന്റെ കാര്യം ചർച്ചചെയ്തിരുന്നില്ല. ബന്ധുനിയമന വിവാദത്തിൽപ്പെട്ടു 2016 ഒക്ടോബർ 14നു മന്ത്രിസഭയിൽനിന്നു രാജിവച്ച ജയരാജനെ ആ കേസിൽ‍ കുറ്റവിമുക്തനായതോടെ തിരിച്ചുകൊണ്ടുവരേണ്ടതല്ലേ എന്ന ചോദ്യം പാർട്ടിക്കു മുന്നിലുണ്ട്. ബന്ധുനിയമന പരാതിയുടെ പശ്ചാത്തലത്തിൽ ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി അവസാനിച്ചു. ഇക്കാലയളവിൽ അദ്ദേഹം പാർട്ടി വിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മന്ത്രിസഭയിലേക്കു മടക്കിക്കൊണ്ടുവരണമെന്നുമാണു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കാരാട്ട് പക്ഷക്കാരായ പിബിയിലെ ഭൂരിപക്ഷം ഈ നിലപാടിനെ അനുകൂലിക്കും. എന്നാൽ, മന്ത്രിമാരുടെ എണ്ണം കൂട്ടി ജയരാജനെ ഉൾപ്പെടുത്തുന്നതിനോടു സിപിഐയ്ക്കു വിമുഖതയുണ്ട്. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉയർന്നപ്പോൾ, അങ്ങനെ വന്നാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം വേണമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇതോടെ, കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ ആ വിഷയം ഒഴിവാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനം സിപിഎം പിന്നീട് എടുത്തതായി സിപിഐയെ അറിയിച്ചിട്ടില്ല.

മുന്നണിയോഗം വിളിച്ച സാഹചര്യത്തിൽ അവരും ഈ പ്രശ്നത്തിന്മേൽ ചർച്ച പ്രതീക്ഷിക്കുന്നു. മന്ത്രിസഭാംഗങ്ങളുടെ എണ്ണം നിലവിലെ 19 ആയി നിലനിർത്തി ജയരാജനെ ഉൾപ്പെടുത്തണമെങ്കിൽ ഒരു സിപിഎം പ്രതിനിധിയെ ഒഴിവാക്കേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയൻ 19ന് അമേരിക്കയിലേക്കു പോകുന്നതിനാൽ അക്കാര്യം സംസ്ഥാന കമ്മിറ്റിയെ ഔപചാരികമായി അറിയിക്കാനാണു യോഗം വിളിച്ചതെന്ന ഭാഷ്യവും പ്രചരിക്കുന്നുണ്ട്. ചികിത്സാർഥം പോകുന്നതിനാലും ഇടയ്ക്കു മന്ത്രിസഭായോഗം വിളിക്കേണ്ടതിനാലും മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരു മന്ത്രിക്ക് ഇത്തവണ നൽകും.

കഴിഞ്ഞ അമേരിക്കൻ സന്ദർശനവേളയിൽ ആർക്കും ചുമതല കൈമാറിയിരുന്നില്ല. പിബി അംഗം എസ്.രാമചന്ദ്രൻപിള്ള കൂടിയാലോചനകൾക്കു കൂടിയായി തലസ്ഥാനത്തെത്തി. ജയരാജന്റെ കാര്യത്തിൽ എൽഡിഎഫിന്റെ അംഗീകാരവും വേണമെന്നതിനാൽ തീരുമാനം ഇവിടെയെന്ന അഭിപ്രായമാണു പിബിയിലുണ്ടായതെന്നറിയുന്നു. സിപിഎമ്മിന്റെ രീതി അനുസരിച്ചു തിരക്കിട്ടു സംസ്ഥാന കമ്മിറ്റി വിളിക്കുന്നത് അടിയന്തരഘട്ടങ്ങളിലാണ്. മന്ത്രിസഭയിലെ മാറ്റത്തിനു സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നതിനാൽ കൂടിയാണ് അജൻഡ അതു തന്നെയെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

related stories