Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷികളെ പ്രതിയാക്കുന്ന പൊലീസ് പരിപാടി എക്സൈസും തുടങ്ങിയോ?: ഹൈക്കോടതി

Kerala-High-Court-3

കൊച്ചി ∙ സാക്ഷികളെ പ്രതിയാക്കുന്ന പൊലീസിന്റെ പരിപാടി എക്സൈസും തുടങ്ങിയോ എന്നു ഹൈക്കോടതിയുടെ ചോദ്യം. നിയമവും നീതിയും നടപ്പാക്കേണ്ടവർ തോന്നുംപോലെ പ്രവർത്തിക്കരുതെന്നും വാദത്തിനിടെ കോടതി പറ‍ഞ്ഞു. സ്പിരിറ്റ് കേസിൽ വീട്ടമ്മയെ കുടുക്കിയതാണെന്ന് അറിഞ്ഞിട്ടും അവർക്കെതിരെ അന്തിമ റിപ്പോർട്ട് നൽകിയ എക്സൈസ് ഇൻസ്പെക്ടറോടു നേരിട്ടു വിശദീകരണം തേടിക്കൊണ്ടാണു പരാമർശം. അന്തിമ റിപ്പോർട്ട് അംഗീകരിച്ചത് ഏതു മേലുദ്യോഗസ്ഥനാണെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. 

തെറ്റ് ആവർത്തിക്കില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഹാജരായി അറിയിച്ചു. കേസ് നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം കീരിക്കാട് സ്വദേശി രാധാമണി (62) സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. 

കേസിൽ ഒന്നാംപ്രതിയായ മനോജ് വ്യക്തിവൈരാഗ്യംമൂലം വീടിനു പുറത്ത് സ്പിരിറ്റ് ഒളിപ്പിച്ചതാണെന്നു വീട്ടമ്മ ബോധിപ്പിച്ചു. ഹർജിക്കാരിയുടെ വീടിനു മുകളിലുള്ള വാട്ടർ ടാങ്കിലും സമീപത്തെ ബന്ധുവിന്റെ പറമ്പിലുംനിന്നു കന്നാസുകളിലാക്കിയ സ്പിരിറ്റ് പിടികൂടിയതു സംബന്ധിച്ചാണു കേസ്. നിരപരാധിയാണെന്നു കണ്ടിട്ടും വീട്ടമ്മയ്ക്കെതിരെ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യം പരിശോധിച്ച് പ്രോസിക്യൂട്ടർ റിപ്പോർട്ട് നൽകണമെന്നു കോടതി നേരത്തേ നിർദേശിച്ചിരുന്നു.

related stories