Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്നത് 24 ഡാമുകൾ; ഇടുക്കിയിൽ രണ്ടു ഷട്ടറുകൾ കൂടി ഇന്നു രാവിലെ ഏഴിനു തുറക്കും

Cheruthoni, Idamalayar

ഇടുക്കി അടക്കം സംസ്ഥാനത്താകെ 24 അണക്കെട്ടുകൾ തുറന്നു. പാലക്കാട് ജില്ലയിൽ അഞ്ചും ഇടുക്കി, തൃശൂർ ജില്ലകളിൽ നാലു വീതവും അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. തുറന്ന അണക്കെട്ടുകൾ: മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ശിരുവാണി (പാലക്കാട് ജില്ല), ഇടുക്കി, മലങ്കര, കല്ലാർകുട്ടി, ലോവർപെരിയാർ (ഇടുക്കി ജില്ല), പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി (തൃശൂർ ജില്ല), പേപ്പാറ, അരുവിക്കര, നെയ്യാർ (തിരുവനന്തപുരം ജില്ല), ഇടമലയാർ, ഭൂതത്താൻകെട്ട് (എറണാകുളം ജില്ല), ബാണാസുരസാഗർ, കാരാപ്പുഴ (വയനാട് ജില്ല), തെന്മല (കൊല്ലം), കക്കി (പത്തനംതിട്ട), കക്കയം (കോഴിക്കോട്), പഴശ്ശി (കണ്ണൂർ).

ഇന്നലെ രാവിലെ ഏഴിന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയിലെത്തിയതോടെയാണു വൈദ്യുതി വകുപ്പ് അടിയന്തരമായി പരീക്ഷണത്തുറക്കലിന് (ട്രയൽ റൺ) നിർദേശം നൽകിയത്. ഉച്ചയ്ക്കു 12.30നു ഷട്ടർ തുറന്നു. നാലു മണിക്കൂർ പരീക്ഷണത്തുറക്കലാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നീരൊഴുക്കിനു ശക്തികൂടിയതോടെ ഷട്ടർ താഴ്ത്തിയില്ല. രണ്ടു ഷട്ടറുകൾ കൂടി 50 സെന്റിമീറ്റർ വീതം ഇന്നു രാവിലെ ഏഴിനു തുറക്കും. മറ്റു ഷട്ടറുകളും പിന്നാലെ തുറന്നേക്കും.

അണക്കെട്ടിലെ നീരൊഴുക്ക് ഇനിയും വർധിച്ചാൽ 50 സെന്റിമീറ്റർ എന്നതു 100 ആക്കി ഉയർത്തിയേക്കും. ബുധനാഴ്ച രാവിലെ ആറിന് ഇടുക്കിയിൽ ജലനിരപ്പ് 2396.18 അടിയായിരുന്നു. ഇന്നലെ രാവിലെ ഏഴിനു 2398.40 ആയി ഉയർന്നു. പരീക്ഷണത്തുറക്കലിന് ഒരു ഷട്ടർ ഉയർത്തുമ്പോൾ ജലനിരപ്പ് 2399.04 അടി. ഷട്ടർ തുറന്നിട്ടും ജലനിരപ്പു വീണ്ടും ഉയർന്നതോടെയാണു വെള്ളമൊഴുക്കൽ തുടരാൻ തീരുമാനിച്ചത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. രാത്രി പത്തോടെ ജലനിരപ്പ് 2400.2 അടിയായി ഉയർന്നിട്ടുണ്ട്.

സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളമാണു പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ടിന്റെ താഴ്‌വാരത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നു കലക്ടർ കെ. ജീവൻബാബു അറിയിച്ചു. ഇടുക്കിയിൽ 24 മണിക്കൂർ സമയം നൽകി, പരീക്ഷണത്തുറക്കൽ നടത്താനായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനം. എന്നാൽ എറണാകുളം ജില്ലയിലെ ഇടമലയാർ അണക്കെട്ടു തുറന്ന സാഹചര്യത്തിലാണു കെഎസ്ഇബി അപ്രതീക്ഷിതമായി തീരുമാനം മാറ്റിയത്.

ഇടമലയാർ അണക്കെട്ടു തുറന്നത് അഞ്ചുവർഷത്തിനുശേഷമാണ്. ഇന്നലെ ജലനിരപ്പ് 169.86 മീറ്റർ. പരമാവധി ശേഷി 170. ഇടുക്കിവെള്ളം കൂടി എത്തുന്നതോടെ ജലനിരപ്പ് ഓരോ അരമണിക്കൂറിലും 12 സെന്റിമീറ്റർ വീതം ഉയരും. 2013ൽ ഇടമലയാർ ഡാം ഒന്നരമാസം തുറന്നിട്ടിരുന്നു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 150 സെന്റിമീറ്ററാണ് ഉയർത്തിയത്. തൃശൂർ പൂമല അണക്കെട്ടിൽ മൂന്നു ഷട്ടറുകളും ഉയർത്തി. ചിമ്മിനി ഡാം വരുംദിവസങ്ങളിൽ തുറന്നേക്കാം.

വാഴാനി ഡാം നാലു ഷട്ടറുകൾ 15.24 സെന്റിമീറ്റർ വീതം കഴിഞ്ഞദിവസം ഉയർത്തിയത് ഇന്നലെ രാത്രിയോടെ അഞ്ചു സെന്റിമീറ്റർ ആക്കി കുറച്ചു. പീച്ചിയിൽ നാലു ഷട്ടറുകളും 43.18 സെന്റിമീറ്റർ തുറന്നതു നീരൊഴുക്കു കുറഞ്ഞതോടെ ഇന്നലെ 30.48 സെന്റിമീറ്ററാക്കി കുറച്ചു. പെരിങ്ങൽകുത്ത്, ഷോളയാർ, അപ്പർ ഷോളയാർ അണക്കെട്ടുകളിൽ നീരൊഴുക്കു കുറഞ്ഞു. തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് 388.86 മീറ്റർ ആയി ഉയർന്നതോടെ ഇന്നലെ വൈകിട്ട് ഷട്ടർ 60 സെന്റിമീറ്റർ ഉയർത്തി.

related stories