Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവ ജാഗ്രതയിൽ സംസ്ഥാനം: സൈന്യത്തിന്റെ സഹായം തേടിയെന്നു മുഖ്യമന്ത്രി; സെക്രട്ടേറിയറ്റിൽ നിരീക്ഷണ സെൽ

Pinarayi_Vijayan

തിരുവനന്തപുരം∙ അതീവ ഗുരുതര സാഹചര്യമാണു സംസ്ഥാനത്തു നിലനിൽക്കുന്നതെന്നും മഴക്കെടുതി നേരിടാൻ  സൈന്യത്തിന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ തുറന്നു. ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിലാണു സെൽ. മന്ത്രിമാർ അവർക്കു ചുമതലയുള്ള ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കര,നാവിക,വ്യോമസേനകളുടെയും കോസ്റ്റ് ഗാർഡ്, ദേശീയ ദുരന്തനിവാരണ സേന(എൻഡിആർഎഫ്), മിലിട്ടറി എൻജിനിയറിങ് സർവീസ് എന്നിവയുടെയും സഹായമാണു സംസ്ഥാനം തേടിയിരിക്കുന്നത്.വയനാട്ടിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ നാവികസേനാ വിമാനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. മലപ്പുറം,കോഴിക്കോട്,വയനാട്,ഇടുക്കി ജില്ലകളിലേക്കു സൈന്യം നീങ്ങിയിട്ടുണ്ട്. 

പൊലീസ്, ഫയർഫോഴ്സ് എന്നിവ പൂർണസജ്ജമായി രംഗത്തുണ്ട്. ദുരന്തനിവാരണ സേനയുടെ മൂന്നു സംഘത്തെ ആലപ്പുഴ, എറണാകുളം,കോഴിക്കോട് ജില്ലകളിലായി വിന്യസിച്ചു. രണ്ടു സംഘങ്ങൾ കൂടി എത്തും. 

ആറു സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 24 അണക്കെട്ടുകൾ തുറന്നതുപോലെ ഒരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല. 

വാവുബലിയോട് അനുബന്ധിച്ച് വെള്ളപ്പൊക്കം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്താൻ പൊലീസിനു നിർദേശം നൽകി. വാവുബലി ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.  

രക്ഷാപ്രവർത്തനത്തിനു നിയോഗിക്കപ്പെട്ടവർ മാത്രമേ ദുരന്തബാധിത മേഖലകളിലേക്കു പോകാവൂവെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. 

അണക്കെട്ട് തുറക്കുന്ന സ്ഥലങ്ങളിലേക്കും ജനങ്ങൾ പോകരുത്. ദുരന്തബാധിത മേഖലകളിൽ ചിത്രങ്ങൾ എടുക്കുന്നതും ഒഴിവാക്കണം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.