Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മന്ത്രി കൂടുന്നത് ധൂർത്തല്ലെന്ന് കോടിയേരി

Kodiyeri Balakrishnan

തിരുവനന്തപുരം∙ മന്ത്രിസഭാംഗങ്ങളുടെ എണ്ണമോ പുതിയ ചീഫ് വിപ്പിന്റെ നിയമനമോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കേരളത്തിലില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ഇതൊരു ധൂർത്തല്ലേയെന്ന ചോദ്യത്തിനായിരുന്നു  മറുപടി. 

കേന്ദ്ര മാനദണ്ഡമനുസരിച്ച് 21 മന്ത്രിമാർ വരെയാകാം. എന്നാൽ 19 പേർ മാത്രം മതിയെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്. ഇപ്പോൾ ഇ.പി.ജയരാജനെ തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ അംഗസംഖ്യ ഒന്നുയർത്തുന്നു. ജയരാജൻ വരുമ്പോൾ വകുപ്പുകളിൽ ചില പുനഃക്രമീകരണങ്ങൾ സ്വാഭാവികമായും വേണ്ടിവരും. 

നിലവിൽ ചീഫ് വിപ്പ് പദവി സിപിഎമ്മിനാണ്. എൽഡിഎഫിന്റെ സംയുക്ത പാർലമെന്ററി പാർട്ടി സെക്രട്ടറി സ്ഥാനം സിപിഐക്കും. ഇതു പരസ്പരം വച്ചുമാറുന്നതിനോടു സിപിഎമ്മിനു വിരോധമില്ല. അപ്പോൾ ചീഫ് വിപ്പിന്റെ കാബിനറ്റ് പദവിയോടും യോജിപ്പാണ്. സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം കൂടിയപ്പോൾ സിപിഐയും ചോദിക്കുന്നു എന്നതൊക്കെ പ്രചാരണം മാത്രമാണ്. വി.എസ്. അച്യുതാനന്ദനു കാബിനറ്റ് റാങ്ക് അടക്കം എന്തു പദവി നൽകിയാലും ആരും എതിർക്കില്ല. അങ്ങനെയൊരു പദവി നൽകി വിഎസിനെ ആദരിക്കുകയാണു ചെയ്തത്.

ആർ.ബാലകൃഷ്ണപിള്ളയ്ക്കു മുന്നാക്ക വികസന കോർപറേഷൻ അധ്യക്ഷപദം കാബിനറ്റ് റാങ്കോടെ നൽകിയതിലും ആർക്കും ആക്ഷേപമില്ല. ഇവരൊക്ക നേരത്തേ അത്തരം പദവികൾ വഹിച്ചവരാണ്.

മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് അധികഭാരമായി കരുതുന്നില്ല. എന്തെങ്കിലും പ്രയാസം തോന്നുന്ന ഘട്ടത്തിൽ അദ്ദേഹം പാർട്ടിയോടു പറഞ്ഞാൽ അപ്പോൾ അക്കാര്യം ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു.