Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമഴയ്ക്കു കാരണം ന്യൂനമർദവും ഷൻഷൻ, യാഗി ചുഴലിക്കാറ്റുകളും

MATTIKUNNU-LANDSLIDE താമരശേരി എടുത്തുവച്ചകല്ല് വനാതിർത്തിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലവും മട്ടിക്കുന്ന് – റെജിമുക്ക് റോഡും. ‌മരിച്ച പരപ്പൻപാറയിൽ രജിത്ത് മോൻ ഇവിടെവച്ചാണ് ഒഴുക്കിൽപെട്ടത്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

തിരുവനന്തപുരം∙ കേരളത്തിൽ മഴ വീണ്ടും ശക്തമായതിനു പിന്നിൽ ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തു രൂപപ്പെട്ടു കരയിലേക്കു കയറിയ ന്യൂനമർദം. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ പേരുകളുള്ള രണ്ടു ചുഴലിക്കാറ്റുകളും കേരളത്തിലെ മഴയെ സ്വാധീനിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറഞ്ഞു. കനത്ത മഴദിവസങ്ങൾക്കിടയിലെ പതിവ് ഇടവേളകൾ വൻതോതിൽ കുറഞ്ഞതും മഴവെള്ളം ഭൂമിയിലേക്ക് താഴാത്തതുമാണ് വെള്ളപ്പൊക്കത്തിനും ഡാമുകളിലെ ജലനിരപ്പ് ഉയരാനും ഇടയാക്കിയത്. 

കണക്കു തെറ്റി

കേരളത്തിലാകെ ജൂൺ മുതൽ ഇന്നലെ വരെ പതിവിലും 15 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഇടുക്കി മുതൽ വയനാട് വരെ ജില്ലകളിലാണ് അപ്രതീക്ഷിതമായി മഴ കൂടിയത്. ഇടുക്കിയിൽ 41 ശതമാനവും കോട്ടയത്ത് 35 ശതമാനവും എറണാകുളത്ത് 33 ശതമാനവും പാലക്കാട്ട് 38 ശതമാനവും അധികം മഴ ലഭിച്ചു. വയനാട്ടിൽ ഏറെ വർഷങ്ങളായി മഴ കുറഞ്ഞുവരുന്ന പ്രവണത ഈ വർഷം മാറി. തൃശൂരും കാസർകോട്ടും ഇപ്പോഴും പതിവുമഴ പോലും ലഭിച്ചിട്ടില്ല. 

പടിഞ്ഞാറൻ കാറ്റ്

ബംഗാൾ ഉൾക്കടലിൽ തുടരെത്തുടരെയുണ്ടാകുന്ന ന്യൂനമർദങ്ങൾ മൂലം കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടുന്നതാണ് ഇടവേളകളില്ലാതെ കനത്ത മഴ പെയ്യുന്നതിനു കാരണമാകുന്നത്. ഈ കാറ്റ് മലയോര മേഖലകളിൽ എത്തുന്നതോടെ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം ഒഡീഷ തീരത്തു രൂപപ്പെട്ട ന്യൂനമർദം മധ്യപ്രദേശ് ഭാഗത്തേക്കു കടന്നതായി കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് പറഞ്ഞു. 

മഴയുടെ സ്വഭാവം മാറി

കനത്തമഴ തുടർച്ചയായി പെയ്യുന്നതാണ് ഇത്തവണ വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണം. രണ്ടു മഴപ്പെയ്ത്തുകൾക്കിടയിലെ പതിവ് ഇടവേള ഇത്തവണ ഇല്ലാതായി. മഴയുടെ തീവ്രതയും കൂടി. 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്റർ മഴയാണു പലയിടത്തുമുണ്ടായത്.  

related stories