Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദപ്പെരുമഴ കഴിഞ്ഞു;രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ജയരാജന് വീണ്ടും മന്ത്രിപദം

Ministers ഇ.പി.ജയരാജൻ (വ്യവസായം, വാണിജ്യം, ഹാൻഡ്‍‌ലൂം,ഖാദി,മൈനിങ് ആൻഡ് ജിയോളജി, സ്പോട്സ്, യുവജന ക്ഷേമം), കെ.ടി.ജലീൽ (ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്,ഹജ്), എ.സി.മൊയ്തീൻ (തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം), സി.രവീന്ദ്രനാഥ് (പൊതു വിദ്യാഭ്യാസം)

തിരുവനന്തപുരം∙ വിവാദങ്ങളുടെ പെരുമഴക്കാലം കഴിഞ്ഞു മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുകയാണ് ഇ.പി.ജയരാജൻ. ഇതു സംബന്ധിച്ചു സിപിഎമ്മിലുണ്ടായിരുന്ന അനിശ്ചിതത്വത്തിനും ഇതോടെ വിരാമമായി. മുഖ്യമന്ത്രിക്കു കീഴിൽ അനൗദ്യോഗികമായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ജയരാജന് ആ പദവിയിൽ ഒന്നമർന്നിരിക്കുന്നതിനു മുൻപേ സ്ഥാനം നഷ്ടമായി. ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ  വ്യവസായവകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതാണു  കുരുക്കായത്.

എന്നാൽ തെറ്റൊന്നും ചെയ്തില്ലെന്നതിൽ ജയരാജൻ ഉറച്ചുനിന്നു. പാർട്ടിയോട് അൽപകാലം പിണങ്ങി കണ്ണൂരിൽ തന്നെ 

നിന്നു. ഇടയ്ക്കൊക്കെ പൊട്ടിത്തെറിച്ചും അനിഷ്ടം കാട്ടി. ഒടുവിൽ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. ശേഷമുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമം.

കണ്ണൂർ ഗ്രൂപ്പിലെ പ്രമുഖരായ ജയരാജനും ശ്രീമതിക്കും കേന്ദ്രകമ്മിറ്റിയുടെ നടപടിയടക്കം നേരിടേണ്ടിവന്നതു പിണറായിയും  കോടിയേരി ബാലകൃഷ്ണനും നയിക്കുന്ന കണ്ണൂരിലെ പാർട്ടി സമവാക്യങ്ങളിൽ വിള്ളലുകൾ സൃഷ്ടിച്ചിരുന്നു. ഏകശിലാവിഗ്രഹം പോലെ നിന്ന കണ്ണൂർ ഗ്രൂപ്പിൽ അവിശ്വാസത്തിന്റെ കനലുകൾ വീണു. ജയരാജന്റെ തിരിച്ചുവരവു മാത്രമേ അതിനും പരിഹാരമായി പാർട്ടി കണ്ടുള്ളൂവെങ്കിലും അത് എളുപ്പമായിരുന്നില്ല. 

ബന്ധുനിയമന വിവാദം കേസായതോടെ ജയരാജനു പകരം എം.എം.മണിയെ മന്ത്രിസഭയിലെടുത്തു. അതോടെ ഒഴിവില്ലാത്ത സ്ഥിതിയായി. കേസിൽ അനുകൂല തീരുമാനം വന്നിട്ടും മടക്കം എളുപ്പമായില്ല. കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനെ തിരികെയെടുത്തപ്പോഴും ജയരാജനു നീതി വൈകിയെന്ന ആക്ഷേപമുണ്ടായി. ‘‘എൻസിപിയുടെ ഒരു മന്ത്രി രാജിവച്ച് മറ്റൊരാളെ നിയമിക്കുന്നതു പോലെ എളുപ്പമല്ല സിപിഎമ്മിന്റെ കാര്യം. അതും എന്റെ കാര്യവും തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ അർഥമില്ല’’–ജയരാജൻ ഇന്നലെ വിശദീകരിച്ചു.

കേസിൽ നിന്നു തലയൂരിയതുകൊണ്ടു മാത്രമല്ല ജയരാജനെ തിരിച്ചെടുക്കുന്നത്. അദ്ദേഹത്തിനു ജാഗ്രതക്കുറവുണ്ടായി. രണ്ടുവർഷക്കാലത്തെ മന്ത്രിസ്ഥാന നഷ്ടം മതിയായ ശിക്ഷയായി സിപിഎം കരുതുന്നു. തിരിച്ചുവരവോടെ നിയമസഭയിൽ ‍മുഖ്യമന്ത്രിയുടെ തൊട്ടരികിലുള്ള പഴയ കസേരയിൽ ജയരാജൻ ഇരിക്കും. മുഖ്യമന്ത്രി അമേരിക്കയ്ക്കു പോകുമ്പോൾ മന്ത്രിസഭായോഗത്തിന് അധ്യക്ഷത വഹിക്കാനുള്ള നിയോഗവും അദ്ദേഹത്തെ തേടിയെത്തിയേക്കാം.