Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട് കണ്ട വലിയ പ്രളയം; ജില്ലയിൽ 13,916 പേർ ദുരിതാശ്വാസ ക്യാംപുകളിൽ

PTI8_11_2018_000170B വയനാട്ടിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ വയോധികനെ പുറത്തെത്തിക്കുന്ന നാവികസേനാംഗം.

പടിഞ്ഞാറത്തറ (വയനാട് )∙ മഴ കനത്ത നാശം വിതച്ച വയനാട്ടിൽ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നു. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ ഒട്ടേറെ സ്ഥലങ്ങളിൽ കനത്ത നാശനഷ്ടമുണ്ട്. 

വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങളിലേക്ക്, അണക്കെട്ടില്‍നിന്നു തുറന്നുവിട്ട വെള്ളം കൂടിയെത്തിയതാണു ദുരിതമായത്. ഷട്ടര്‍ ഉയര്‍ത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഉയരം വര്‍ധിപ്പിച്ചപ്പോള്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയില്ലെന്നാണു പരാതി. 

അതിശക്തമായ മഴ തുടർന്നതോടെ പലഘട്ടങ്ങളിലായി 290 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തി. പടിഞ്ഞാറത്തറ, കോട്ടത്തറ, വെള്ളമുണ്ട, പനമരം, തരിയോട് പഞ്ചായത്തുകളിലെ നൂറുകണക്കിനു വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ പ്രദേശങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടമാണു കണക്കാക്കുന്നത്. ജില്ലയില്‍ 126 ക്യാംപുകളിലായി 3768 കുടുംബങ്ങളിലെ 13,916 പേര്‍ കഴിയുന്നു. 

കനത്ത മഴയില്‍ തകര്‍ന്ന റോഡുകളും പ്രധാന പാതകളിലെ വെള്ളക്കെട്ടും ഗതാഗതം ദുസ്സഹമാക്കുന്നു.

പനമരം പുഴക്കരയിലെ കൃഷി അസിസ്‌റ്റന്റ് ഡയറകടർ, ഐസിഡിഎസ് ഓഫിസുകളിൽ വെള്ളം കയറി ഫയലുകളും കംപ്യൂട്ടറും പൂർണമായി നശിച്ചു. മൂന്ന് ഡെസ്‌ക് ടോപ് കംപ്യൂട്ടറും  ഒന്‍പതു ലാപ്ടോപ്പുകളും ആറ് ക്യാമറകളും വെള്ളം കയറി നശിച്ചു. രണ്ട് ഓഫിസുകളിലായി 20 ലക്ഷം രൂപയുടെ നാശനഷ്‌ടമാണുണ്ടായത്. 

related stories