Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭാ മാനദണ്ഡം ചീഫ് വിപ്പിലും ബാധകമാക്കാൻ സിപിഐ

cpm-cpi-logo

തിരുവനന്തപുരം∙ മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ സ്വീകരിച്ച മാനദണ്ഡം കാബിനറ്റ് റാങ്കോടു കൂടിയ പുതിയ ചീഫ് വിപ്പിന്റെ കാര്യത്തിലും നടപ്പാക്കാൻ സിപിഐ ആലോചിക്കുന്നു. ഒരിക്കൽ മന്ത്രിമാരായവരെ പരിഗണിക്കേണ്ടെന്നാണ് ഇത്തവണ മന്ത്രിസഭാ രൂപീകരണ വേളയിൽ പാർട്ടി നിശ്ചയിച്ചത്. തുടർന്ന് സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായി. മന്ത്രിപദവിയുള്ള ചീഫ് വിപ്പിന്റെ കാര്യത്തിലും ഇതു തുടരണമല്ലോയെന്ന അഭിപ്രായമാണു നേതൃത്വത്തിലുള്ളത്. 

മുൻമന്ത്രിമാരായ സി.ദിവാകരനെയും മുല്ലക്കര രത്നാകരനെയും വെട്ടാൻ വേണ്ടിയാണ് അന്ന് ഈ മാനദണ്ഡം സ്വീകരിച്ചത്. ഇപ്പോൾ ചീഫ് വിപ്പ് പദവി സിപിഐക്കു കിട്ടുമ്പോൾ നിയമസഭാ രംഗത്ത് അനുഭവസമ്പത്തുള്ള ഈ രണ്ടു നേതാക്കളുടെയും പേര് ഉയർന്നിട്ടുണ്ട്. എൽഡിഎഫ് നിയമസഭാകക്ഷി സെക്രട്ടറിയായ മുല്ലക്കര സ്വാഭാവിക സ്ഥാനാർഥിയുമാണ്. 

പാർട്ടിയിലെ സമവാക്യങ്ങൾ കണക്കിലെടുക്കുമ്പോൾ കാനത്തിന്റെ വിരുദ്ധപക്ഷത്താണു സി.ദിവാകരൻ. ഔദ്യോഗിക വിഭാഗത്തിനൊപ്പമാണു മുല്ലക്കരയെങ്കിലും മന്ത്രിസഭാ രൂപീകരണ വേളയിൽ തഴയപ്പെട്ടതിനെത്തുടർന്നുണ്ടായ അകൽച്ച മാറിയിട്ടില്ല. കാനത്തിന്റെ വിശ്വസ്തനായ യുവനേതാവ് കെ.രാജൻ, സിപിഐയുടെ പ്രമുഖ വനിതാ നേതാവ് ഇ.എസ്.ബിജിമോൾ എന്നിവർക്കാണു സാധ്യതയേറെ. ചിറ്റയം ഗോപകുമാറും പരിഗണനയിലുണ്ടെങ്കിലും ഡപ്യൂട്ടി സ്പീക്കർ പദം വി.ശശിക്കു നൽകുക വഴി ഉയർന്ന പദവികളിലെ ദലിത് പ്രാതിനിധ്യം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.

സർക്കാർ ഖജനാവിനു ബാധ്യത വരുത്തുന്ന ഒരു പദവി സിപിഐ ഏറ്റെടുക്കുന്നതിനെതിരായുള്ള വിമർശനം പാർട്ടിയിലുണ്ട്. എന്നാൽ, ഏകപക്ഷീയമായി സിപിഎം പദവികൾ കൈക്കലാക്കുന്നതിനെ പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നതാണു മറുവാദം.

എൽഡിഎഫ് ഇന്ന്, സത്യപ്രതിജ്ഞ നാളെ

ഇന്നു രാവിലെ 11നു ചേരുന്ന ഇടതുമുന്നണി നേതൃയോഗത്തിൽ ചീഫ് വിപ്പ് പദവി സംബന്ധിച്ച് ഔദ്യോഗിക ധാരണയാകും. മന്ത്രിസഭയിൽ സിപിഎം നിർദേശിച്ച മാറ്റങ്ങളും ഔപചാരികമായി എൽഡിഎഫ് അംഗീകരിക്കും. മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകാനിടയില്ല. നാളെ രാവിലെ 10ന് ആണ് ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ.