പമ്പ ത്രിവേണി മുങ്ങി; ശബരിമലയിൽ നിയന്ത്രണം

പമ്പ നിറഞ്ഞ്: ശബരിമല അയ്യപ്പ സന്നിധിയിൽ നിറപുത്തരി ആഘോഷത്തിനായി ഇന്നു നട തുറക്കാനിരിക്കെ ശബരിഗിരി പദ്ധതി അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തിയതിനെ തുടർന്ന് പമ്പാ ത്രിവേണി വെള്ളത്തിൽ മുങ്ങിയ നിലയിൽ. പമ്പയിൽ അയ്യപ്പന്മാർക്ക് വിശ്രമിക്കാനുള്ള രാമമൂർത്തി മണ്ഡപം, ശുചിമുറികൾ എന്നിവയെല്ലാം വെള്ളത്തിലാണ്. ചിത്രം: നിഖിൽരാജ് ∙മനോരമ

ശബരിമല ∙ ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് അണക്കെട്ടുകൾ വീണ്ടും തുറന്നു; പമ്പ ത്രിവേണി പൂർണമായി വെള്ളത്തിൽ മുങ്ങി. നിറപുത്തരിക്കായി ഇന്നു വൈകിട്ട് അഞ്ചിന് അയ്യപ്പക്ഷേത്രനട തുറക്കാനിരിക്കെ ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ശബരിമല തീർഥാടകർക്കു നിയന്ത്രണം ഏർപ്പെടുത്തി. യാത്ര ഒഴിവാക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന. 

ത്രിവേണി പാലം കടന്നുവേണം പമ്പ ഗണപതികോവിലിലേക്കു പോകാൻ. പാലം കടന്നു മണപ്പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ ആറടിയിലധികം വെള്ളവും ശക്തമായ ഒഴുക്കുമുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരും തീർഥാടകരും സന്നദ്ധസേവകരും പമ്പയിൽ കുടുങ്ങി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ എങ്ങനെ സന്നിധാനത്ത് എത്തിക്കുമെന്ന ആശങ്കയുമുണ്ട്. 

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാൽ തീർഥാടകരും ദേവസ്വം ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി ഒട്ടേറെപ്പേർ പമ്പയിൽ എത്തിയിരുന്നു.