Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതിക്കു നേരിട്ടു കത്തെഴുതരുത്! ഉദ്യോഗസ്ഥരെ വിലക്കി സർക്കാർ ഉത്തരവ്

Kerala-High-Court-3

തിരുവനന്തപുരം∙ സർക്കാർ ഉദ്യോഗസ്ഥർ ഹൈക്കോടതി ജഡ്ജിമാർക്കു മേലിൽ നേരിട്ടു കത്തെഴുതരുതെന്നു സർക്കാർ. വിജലൻസ് കോടതികൾക്കെതിരെ വിജിലൻസ് മുൻ ഡയറക്ടർ എൻ.സി.അസ്താന ഹൈക്കോടതി റജിസ്ട്രാർ ജനറലിനു നേരിട്ടു കത്തെഴുതിയതാണു പുലിവാലായത്. ക്രമവിരുദ്ധമായി അസ്താന കത്തയച്ചതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അസ്താനയുടെ നടപടി തെറ്റാണെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് സർക്കാരിനെ രേഖാമൂലം അറിയിച്ചു.

തുടർന്നാണു നേരിട്ടു കത്ത് അയയ്ക്കുന്നതു കർശനമായി വിലക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ ഹൈക്കോടതി ജഡ്ജിമാരെ ഔദ്യോഗിക ആവശ്യങ്ങൾക്കു നേരിട്ട് അഭിസംബോധന ചെയ്യുന്നതു തെറ്റായ കീഴ്‌വഴക്കമാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര സ്പെഷൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ചില സർക്കാർ ജീവനക്കാർ കേസുകളുമായി ബന്ധപ്പെട്ടു ഹൈക്കോടതി ജഡ്ജിക്കു നേരിട്ടു കത്തയച്ചത് അഡ്വക്കറ്റ് ജനറൽ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

റൂൾസ് ഓഫ് കറസ്പോണ്ടൻസിനു വിരുദ്ധമാണ് ഈ നടപടി. ഉദ്യോഗസ്ഥർ ഹൈക്കോടതിയിലും മറ്റ് അധികാര സ്ഥാനങ്ങളിലും കത്തെഴുതുമ്പോൾ സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലെയും മാന്വൽ ഓഫ് ഓഫിസ് പ്രൊസീജ്യറിലെയും റൂൾസ് ഓഫ് കറൻസ്പോണ്ടൻസ് കർശനമായി പാലിക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് അധ്യക്ഷൻമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കർശന നിർദേശവും ഉത്തരവിലുണ്ട്.

അഡീഷനൽ ചീഫ് സെക്രട്ടറിമാർ മുതൽ കലക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർക്കും വകുപ്പുമേധാവികൾക്കും സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകൾക്കും ഉത്തവിന്റെ പകർപ്പ് നൽകി. ഇതേസമയം, വിജിലൻസ് മേധാവിയായിരുന്ന അസ്താന കത്തെഴുതിയതിന് അദ്ദേഹത്തിന്റെ പേരിൽ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല. ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരെ മറികടന്നാണ് ഏപ്രിൽ ഒടുവിൽ കത്തയച്ചത്. സംസ്ഥാനത്തെ മുതിർന്ന ഡിജിപിമാരിൽ ഒരാളായ അസ്താന ഇപ്പോൾ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്.

അസ്താനയുടെ കത്ത്: എഴുതിത്തള്ളിയ കേസുകൾ കോടതികൾ വൈകിക്കുന്നു

തെളിവില്ലെന്ന പേരിൽ വിജിലൻസ് എഴുതിത്തള്ളുന്ന അഴിമതിക്കേസുകളുടെ റിപ്പോർട്ടുകൾ വിജിലൻസ് കോടതികൾ ഉടൻ പരിഗണിക്കുന്നില്ലെന്നതായിരുന്നു അസ്താനയുടെ കത്തിലെ പരാതി. ഇത്തരം കേസുകൾ പരിഗണക്കുന്നതിൽ ഏറെ കാലതാമസമുണ്ടാകുന്നു. ഇവ മുൻഗണനാ ക്രമത്തിൽ പരിഗണിക്കാൻ ഹൈക്കോടതി നിർദേശിക്കണം. കേസിൾ ഉൾപ്പെട്ടവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും നിയമനവും വൈകുന്നു. റിപ്പോർട്ടുകളിൽ തുടരന്വേഷണമാണു വിജിലൻസ് കോടതികൾ വിധിക്കുന്നതെങ്കിൽ അതു വേഗത്തിൽ വേണം. വർഷങ്ങൾ കഴിഞ്ഞ് ഉത്തരവു പുറപ്പെടുവിച്ചാൽ വിജിലൻസിനു തെളിവു ലഭിക്കണമെന്നില്ല. സാക്ഷികൾ മരണപ്പെടുകയോ തെളിവുകൾ നശിക്കുകയോ ചെയ്യാം– അസ്താനയുടെ കത്തിൽ ചൂണ്ടിക്കാട്ടി. അഞ്ചു വിജിലൻസ് കോടതികളുടെയും പരിഗണനയിലുള്ള ഇത്തരം കേസുകളുടെ പട്ടികയും അദ്ദേഹം ഹൈക്കോടതിക്കു കൈമാറിയിരുന്നു.  

related stories