Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതി: പുനരധിവാസത്തിനു മാസ്റ്റർ പ്ലാനും ടാസ്ക് ഫോഴ്‌സും വേണമെന്ന് ഉമ്മൻ ചാണ്ടി

Oommen Chandy

തിരുവനന്തപുരം∙ പ്രളയക്കെടുതി പുനരധിവാസ പ്രവർത്തനങ്ങൾക്കായി സമഗ്രമായ മാസ്റ്റർ പ്ലാനും നടപ്പാക്കാൻ ടാസ്ക് ഫോഴ്‌സും രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നൽകി. സമഗ്ര പദ്ധതിയിലൂടെ മാത്രമേ അതീവ ഗുരുതരമായ സാഹചര്യത്തെ മറികടക്കാനാവൂ. ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങൾ യുഡിഎഫ് നേതാക്കളോടും ജനപ്രതിനിധികളോടുമൊപ്പം സന്ദർശിച്ച ശേഷമാണു പുനരധിവാസ പ്രവർത്തനത്തിനുള്ള രൂപരേഖ ഉമ്മൻ ചാണ്ടി സമർപ്പിച്ചത്.

എല്ലാ ദുരിതാശ്വാസ ക്യാംപും റവന്യുവകുപ്പ് നേരിട്ടു നടത്തുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. ക്യാംപ് നടത്തിപ്പു ചെലവുകൾ സർക്കാർ വഹിക്കുന്നതിന് ഉത്തരവ് ഉണ്ടെങ്കിലും ഇടുക്കി, മലപ്പുറം ജില്ലകളിലെ ക്യാംപുകൾ സേവന- രാഷട്രീയ-സാമുദായിക സംഘടനകളുടെ സംഭാവന കൊണ്ടാണു നടക്കുന്നത്. ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും വയ്യ. ഒരോ പ്രദേശത്തെയും ക്യാംപ് സംബന്ധിച്ച തീരുമാനത്തിനു കലക്‌ടർമാർക്കു നിർദേശം നൽകണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു സ്ഥിരമായി മാറ്റണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിൽ കേന്ദ്ര ധനസഹായത്തൊടെ സ്ഥിരം ഷെൽട്ടറുകൾ നിർമിക്കണം.

ദുരിതബാധിതരായവർക്കെല്ലാം സൗജന്യ റേഷനും 3800 രൂപയും തീരുമാനിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു കുടുംബങ്ങൾക്കേ ലഭിക്കുന്നുള്ളൂ. വീട് വൃത്തിയാക്കാനും അറ്റകുറ്റപ്പണിക്കും വേണ്ട തുക എത്രയെന്നു റവന്യു ഉദ്യോഗസ്ഥർ നിശ്ചയിച്ച് അടിയന്തരമായി നൽകണം. വാസയോഗ്യമല്ലാത്ത വീടുകൾ കണ്ടെത്തുകയും നിശ്ചയിച്ച നാലു ലക്ഷം രൂപ ഉടൻ വിതരണം ചെയ്യുകയും വേണം. വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്കു 10 ലക്ഷം രൂപ വീതം നൽകുമെന്ന തീരുമാനം കൂടുതൽ ഭൂമി പൂർണമായും നഷ്‌ടപ്പെട്ടവർക്കു സ്വീകാര്യമാവില്ല. സ്ഥലം ഏറ്റെടുത്തു ഭൂമി നഷ്‌ടപ്പെട്ടവർക്കു ഗവൺമെന്റ് നൽകിയ കീഴ്‌വഴക്കമുണ്ട്.

മലപ്പുറം ചാലിയാർ പഞ്ചായത്തിലെ മക്കിൻമൂല എസ്‌സി, എസ്ടി കോളനിയിലെ 69 കുടുംബങ്ങളുടെ ഭൂമി പൂർണമായി നശിച്ചു. ഇവരെ പുനരധിവസിപ്പിക്കാൻ 10 ഏക്കർ കണ്ടെത്തണം. മലപ്പുറം ചെട്ടിയമ്പാറ കോളനിയിൽ 23 കുടുംബങ്ങൾക്കു സ്ഥലം കണ്ടെത്തണം. ഇവിടെ ആറു പേരാണു മരിച്ചത്. ജീവിച്ചിരിക്കുന്ന അടുത്തബന്ധുക്കൾക്കു ജോലി പരിഗണിക്കണം. പ്ലാക്കൽ ചോല എസ്ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ വനഭൂമി കണ്ടെത്തണം. കർഷകർക്കു തുടർ കൃഷിക്കു സഹായവും നൽകണം.

ദുരിതബാധിത കർഷകരുടെ വായ്‌പ എഴുതിത്തള്ളാൻ നടപടി ഉണ്ടാകണം. വളർത്തുമൃഗങ്ങൾ നഷ്‌ടപ്പെട്ടവർക്കും നഷ്‌ടപരിഹാരം നൽകണം. ആധാർ, റേഷൻകാർഡുകൾ, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടവർ‍ക്ക് എത്രയും വേഗം അവ നൽകുന്നതിനു നടപടി സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

related stories