Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെയ്തൊഴിയാതെ; അഞ്ചു ജില്ലകളിൽ ഉരുൾപൊട്ടൽ; ഇന്നും നാളെയും കനത്ത മഴ

nilambur-river മലപ്പുറം ജില്ലയിലെ നിലമ്പൂർ ആഢ്യൻപാറയ്ക്കു മുകളിൽ വെള്ളരിമലയുടെ താഴ്‌വാരത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് കാഞ്ഞിരപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ.

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമാകാൻ ഇടയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നീരൊഴുക്കു ശക്തമായതിനാൽ അണക്കെട്ടുകളെല്ലാം തുറന്നനിലയിൽ തുടരുന്നു. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ല.

ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയിൽ ഉരുൾപൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നതോടെ രണ്ടു ഷട്ടറുകൾ ഇന്നലെ വൈകിട്ട് അടച്ചു. ബാക്കി മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം താഴ്ത്തി. മുല്ലപ്പെരിയാർ ജലനിരപ്പ് 135.30 അടിയായി ഉയർന്നെങ്കിലും മേഖലയിൽ മഴ കുറഞ്ഞിട്ടുണ്ട്. 

മാട്ടുപ്പെട്ടി അണക്കെട്ടു തുറക്കുന്നതും കനത്ത മഴയും പരിഗണിച്ച് മുൻകരുതലായി മൂന്നാറിലേക്കു ദുരന്തനിവാരണ സേനയുടെ സംഘത്തെ അയച്ചു.  

വയനാട്ടിൽ കനത്ത മഴ തുടരുന്നു. ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ മേഖലയിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലേക്ക് നാവിക സേനയുടെ ഒരു സംഘത്തെയും അയച്ചു. 

പത്തനംതിട്ട ജില്ലയിൽ പമ്പ, കക്കി –ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇതോടെ നദീതീരം വ്യാപകമായി ഇടിഞ്ഞുതാണു. വൈദ്യുതിയും ജലവിതരണവും മുടങ്ങി. 

കോഴിക്കോട്ട് തിരുവമ്പാടി മറിപ്പുഴയിൽ ഉരുൾപൊട്ടി താൽക്കാലിക നടപ്പാലം ഒഴുകിപ്പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു. 

പാലക്കാട് ജില്ലയിൽ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ മൈലാടിപ്പാറയിൽ ഉരുൾപൊട്ടി. അണക്കെട്ടിലെ നാലു ഷട്ടറുകളും തുറന്നിരിക്കുന്നു. വാളയാർ, ചുള്ളിയാർ അണക്കെട്ടുകൾ തുറക്കാനൊരുങ്ങുന്നു. 

മലപ്പുറം ജില്ലയിലെ നിലമ്പൂർ പന്തീരായിരമേക്കർ മലവാരത്തിൽ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യൻപാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുൾപൊട്ടി. ആഢ്യൻപാറയുടെ സമീപം കഴിഞ്ഞ ബുധനാഴ്ചയും ഉരുൾപൊട്ടിയിരുന്നു. 

കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴ തുടരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാംകടവിൽ രണ്ടു നടപ്പാലങ്ങൾ ഒഴുകിപ്പോയതിനെത്തുടർന്ന് 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

related stories