ശബരിമലയിലെ ആചാരാനുഷ്ഠാനം: ഹൈന്ദവ സംഘടനകളുടെ പ്രാർഥനായാത്ര 17ന്

കോട്ടയം ∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു വിവിധ ഹൈന്ദവ സംഘടനകൾ 17ന് ഉച്ചകഴിഞ്ഞു രണ്ടിനു പ്രാർഥനായാത്ര നടത്തും. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തും അയ്യായിരത്തിലധികം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക വഴിപാടുകളും നടക്കും. 

പ്രാർഥനായജ്ഞത്തിന്റ ഭാഗമായി വ്രതാനുഷ്ഠാനങ്ങളോടെ സ്വാമിമാർ പന്തളത്തുനിന്ന് ഇരുമുടിക്കെട്ടു മുറുക്കി ശബരിമലയിലേക്കു യാത്ര നടത്തുമെന്നു ക്ഷേത്രാചാര സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. 

സംഘം ആദ്യദിവസം രാത്രി പെരുനാട് കക്കാട് കോയിക്കൽ ക്ഷേത്രാങ്കണത്തിൽ വിശ്രമിക്കും. പിറ്റേന്നു രാവിലെ എട്ടിനു യാത്ര പുറപ്പെടും. പമ്പയിലെത്തി സമൂഹപ്രാർഥന നടത്തും. തുടർന്നു ശബരിമല കയറി സന്ധ്യയോടെ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തുമെന്നു പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, അയ്യപ്പസേവാസംഘം കേരള കൗൺസിൽ സംസ്ഥാന സെക്രട്ടറി മോഹനൻ കെ.നായർ, ഓർഗനൈസിങ് സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ അറിയിച്ചു. 

അയ്യപ്പസേവാസംഘം കേരള കൗൺസിലിന്റെ നേതൃത്വത്തിലാണു ക്ഷേത്രാചാര സംരക്ഷണ സമിതി രൂപീകരിച്ചത്. പന്തളം കൊട്ടാരം നിർവാഹക സംഘം, അയ്യപ്പസേവാ സംഘം, അമ്പലപ്പുഴ – ആല ങ്ങാട്ട് പേട്ട സംഘങ്ങൾ, തിരുവാഭരണപാത സംരക്ഷണ സമിതി, പന്തളം വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി, തിരുവാഭരണ പേടക – പല്ലക്ക് വാഹകർ, വിവിധ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ, ശബരിമല മുൻ മേൽശാന്തിമാർ തുടങ്ങിയവർ പ്രാർഥനായാത്രയിൽ ‍പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.