Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ മന്ത്രിയായി ഇ.പി.ജയരാജൻ അധികാരമേറ്റു

pinarayi-jayarajan മുള്ളു കൊള്ളാതെ നോക്കണം: രാജ്ഭവനിൽ നടന്ന ചടങ്ങിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇ.പി.ജയരാജനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പി. സദാശിവം സമീപം. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

തിരുവനന്തപുരം ∙ പിണറായി വിജയൻ മന്ത്രിസഭയിലെ വ്യവസായ, കായിക മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ അധികാരമേറ്റു. രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് അധാർമികത ആരോപിച്ചു പ്രതിപക്ഷം ബഹിഷ്കരിച്ചു.

മുഖ്യമന്ത്രിയുടെയും ഗവർണറുടെയും കരം ഗ്രഹിച്ച ശേഷമാണ് ഇ.പി.ജയരാജൻ സഗൗരവ പ്രതിജ്ഞയെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം പങ്കെടുത്തു. ഡപ്യൂട്ടി സ്പീക്കർ വി.ശശി, പി.ജയരാജൻ, ഗവർണറുടെ ഭാര്യ സരസ്വതി, മുഖ്യമന്ത്രിയുടെ ഭാര്യ കമല തുടങ്ങിയവരും പങ്കെടുത്തു.

വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ഭാര്യാ സഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ മാനേജിങ് ഡയറക്ടറായി നിയമിച്ചതിന്റെ പേരിൽ 2016 ഒക്ടോബർ 16നാണ് ഇ.പി.ജയരാജൻ രാജിവച്ചത്. സത്യപ്രതിജ്ഞാച്ചടങ്ങിൽ പി.കെ.ശ്രീമതിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എ.കെ.ശശീന്ദ്രൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അതിനും മുൻപു രാജിവച്ച ജയരാജന്റെ രണ്ടാമൂഴത്തിലേക്കുള്ള സത്യപ്രതിജ്ഞ. രണ്ടുപേർ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരാകുന്ന അപൂർവത അങ്ങനെ പിണറായി മന്ത്രിസഭയ്ക്കു സ്വന്തമായി.

എന്നിൽ മാറ്റമൊന്നുമില്ല: ജയരാജൻ

തിരുവനന്തപുരം ∙ മന്ത്രിസഭയിലേക്ക് ആദ്യം വന്ന ഇ.പി.ജയരാജനും ഇപ്പോൾ രണ്ടാമതുവന്ന ഇ.പി.ജയരാജനും തമ്മിൽ എന്താണു വ്യത്യാസം? സത്യപ്രതിജ്ഞയ്ക്കു ശേഷം ‘മീറ്റ് ദ് പ്രസി’നെത്തിയ പുതിയ വ്യവസായമന്ത്രി ചോദ്യത്തിനു മുന്നിൽ പതറിയില്ല. ആത്മവിശ്വാസം നിറഞ്ഞ ചെറുപുഞ്ചിരിയോടെ മറുപടി: ‘വ്യത്യാസം മറ്റുള്ളവർക്കേ ബോധ്യമാകൂ. എനിക്കു മാറ്റമൊന്നുമില്ല. പതിറ്റാണ്ടുകളായി പൊതുരംഗത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഈ സ്ഥാനത്തു വന്നിരിക്കുന്നത്. സമൂഹത്തിൽ കുറെയേറെ മാറ്റങ്ങളെല്ലാം വന്നിട്ടുണ്ട്. മാറ്റം സ്വാഭാവികമാണല്ലോ. ആ മാറ്റങ്ങളെ ഉൾക്കൊണ്ട് എനിക്കു നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യാനാകും ശ്രമിക്കുക.’ 

‘തെറ്റു പറ്റിയതുകൊണ്ടല്ലേ മന്ത്രിസഭയിൽനിന്നു മാറിനിൽക്കേണ്ടി വന്നത്?’ പ്രതിപക്ഷം അതു ചൂണ്ടിക്കാണിച്ചാണല്ലോ അങ്ങയുടെ സത്യപ്രതിജ്ഞാ ചടങ്ങു ബഹിഷ്കരിച്ചത്?   ‘ഞാനൊരു മനുഷ്യനാണ്. എനിക്കു തെറ്റുകൾ സംഭവിച്ചേക്കാം. ഇനി തെറ്റുകൾ സംഭവിക്കാതിരിക്കാനാണ് പരമാവധി  ശ്രമം. തെറ്റു പറ്റാത്തവരായി മനുഷ്യരിൽ ആരെങ്കിലുമുണ്ടാകുമോ? തെറ്റുപറ്റിയതു തിരുത്തിപ്പോകുക, ഈ നിലാപടാണുണ്ടാവുക. അഴിമതിക്കാരെ പൂർണമായും അകറ്റിനിർത്തും. അത്തരക്കാർ തന്റെ സ്റ്റാഫിലോ, ഏതെങ്കിലും പൊതുസ്ഥാപനത്തിന്റെ തലപ്പത്തോ ഉണ്ടാകില്ല’. 

പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിച്ചതിനെ തമാശയായാണു കാണുന്നത്. അവരുടെ നടപടി ജനങ്ങൾ വിലയിരുത്തട്ടെ. വ്യവസായ വകുപ്പിൽ അഴിമതിരഹിത ഭരണം ഉറപ്പാക്കും. സംസ്ഥാനത്തിന്റെ വ്യാവസായ വളർച്ചയ്ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം സ്വകാര്യ സംരംഭങ്ങളെയും പ്രോൽസാഹിപ്പിക്കും. മന്ത്രിമാരുടെ എണ്ണം വർധിപ്പിച്ചതിൽ തെറ്റില്ല, മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭയെ നയിക്കുമെന്ന വാർത്തകളെപ്പറ്റി അതിന്റെ സൃഷ്ടികർത്താക്കളോടു ചോദിക്കണമെന്നും ജയരാജൻ പറഞ്ഞു. 

എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവൽ ഉപഹാരമായി ലഭിച്ചപ്പോൾ, തേടിയ പുസ്തകം കയ്യിൽ കിട്ടിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി.

related stories