Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിൽ ഇനി ലീഗൽ സെല്ലും

Kerala-Police

തിരുവനന്തപുരം∙ പൊലീസ് കക്ഷിയായി വരുന്ന കേസുകളും കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ പൊലീസ് ജില്ലകളിലും നിയമോപദേശ (ലീഗൽ) സെല്ലുകൾ രൂപീകരിക്കും. ഇതു സംബന്ധിച്ച നിർദേശം ഡിജിപി: ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്കും കമ്മിഷണർമാർക്കും നൽകി. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നിയമത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള യോജ്യരായ രണ്ടു പൊലീസുകാരെ ഉൾപ്പെടുത്തിയാണു ലീഗൽ സെൽ രൂപീകരിക്കുന്നത്.

പൊലീസ് കക്ഷിയായി വിവിധ കോടതികളും ട്രൈബ്യൂണലുകളും കമ്മിഷനുകളും തീർപ്പാക്കാനുള്ള വിവിധ നടപടിക്രമങ്ങളും അന്യായങ്ങളും യഥാസമയം സമർപ്പിക്കുന്നുണ്ടോ എന്നു നിരീക്ഷിച്ച് ഉറപ്പു വരുത്തുക, കോടതി കാര്യങ്ങൾ സംബന്ധിച്ചു പൊലീസ് സ്വീകരിക്കേണ്ട നടപടികൾ ജില്ലാ പൊലീസ് മേധാവിയെ ധരിപ്പിക്കുക, തീർപ്പാക്കാനുള്ള എല്ലാ കേസുകളും വ്യവഹാരങ്ങളും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുക, കോടതിയിൽ സമർപ്പിക്കേണ്ട സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും തയാറാക്കാൻ ജില്ലാ പൊലീസ് മേധാവിയെ സഹായിക്കുക എന്നിവയാണു ലീഗൽ സെല്ലിന്റെ ചുമതലകൾ.

വിവിധ വിധിന്യായങ്ങൾ, നിയമ സംബന്ധിയായ ലേഖനങ്ങൾ, ജേണലുകൾ, ഹൈക്കോടതി നിയമ നടപടികൾ സംബന്ധിച്ച ചട്ടങ്ങൾ, പ്രധാനപ്പെട്ട നിയമങ്ങൾ (സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും) നിയമ സംബന്ധിയായ സർക്കാരിന്റെയും പൊലീസ് ആസ്ഥാനത്തെയും സർക്കുലറുകൾ തുടങ്ങിയവയുടെയെല്ലാം പകർപ്പുകൾ കൃത്യമായി സൂക്ഷിക്കുന്നതും ലീഗൽ സെല്ലിന്റെ ചുമതലയാണ്. നിയമ വ്യവസ്ഥയിലെ മാറ്റങ്ങളിൽ അവബോധവും നിയമത്തിലും കോടതി നടപടികളിലുമുള്ള അവഗാഹവും വർധിപ്പിക്കുന്നതു വഴി കുറ്റാന്വേഷണവും കേസുകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ പൊലീസിനെ പ്രാപ്തമാക്കുകയാണു ലക്ഷ്യം.