Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരം ചുമതല: അതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമില്ലെന്നു പിണറായി

pinarayi-vijayan

തിരുവനന്തപുരം∙ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ആർക്കു നൽകുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. ‘‘അതൊക്കെ ഭരണപരമായ കാര്യമല്ലേ...നിങ്ങളോട് ഇപ്പോൾ പറയേണ്ട കാര്യമുണ്ടോ...’’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കൻ യാത്രയെക്കുറിച്ചോ പകരം ആർക്കു ചുമതല നൽകുമെന്നോ മന്ത്രിസഭാ യോഗത്തിൽ പിണറായി ഒന്നും പറഞ്ഞില്ല. 19ന് അദ്ദേഹം പോകുമ്പോൾ സീനിയർ നേതാവെന്ന നിലയിൽ ഇ.പി.ജയരാജനു ചുമതല നൽകുമെന്നാണു കരുതുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇ.പി.ജയരാജന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്നലെ ചേർന്നത്. അദ്ദേഹത്തിന്റെ വകുപ്പിൽനിന്നു മന്ത്രിസഭാ തീരുമാനത്തിനുള്ള ഫയലുകളൊന്നും ഇല്ലായിരുന്നു. എങ്കിലും മഴക്കെടുതി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നൽകുന്നതിനു ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെ യോഗം തിരഞ്ഞെടുത്തു. അഞ്ചംഗ സമിതിയിൽ ഘടകകക്ഷി മന്ത്രിമാരും അംഗങ്ങളാണ്.

മന്ത്രിസഭാ യോഗത്തിൽ മന്ത്രി എ.കെ.ബാലൻ അരമണിക്കൂറിലേറെ വൈകിയാണ് എത്തിയത്. എന്തു പറ്റിയെന്നു മുഖ്യമന്ത്രി ആരാഞ്ഞപ്പോൾ കണ്ണിനു പ്രശ്നമുണ്ടെന്നു ബാലൻ അറിയിച്ചു. ജയരാജനു മുഖ്യമന്ത്രിയുടെ ഓഫിസിനോടു ചേർന്നു നോർത്ത് സാൻവിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുള്ള ഓഫിസ് ആണ് അനുവദിച്ചിരിക്കുന്നത്. മുമ്പു മന്ത്രി കെ.കെ.ശൈലജയുടെ ഓഫിസായിരുന്നു ഇത്. അവർ സെക്രട്ടേറിയറ്റ് അനക്സിലേക്കു മാറിയപ്പോഴാണ് ഈ ഓഫിസ് ഒഴിഞ്ഞത്.

related stories