ശബരിമല നട ഇന്നു തുറക്കും; നിറപുത്തരി പൂജ മുടങ്ങില്ല

ശബരിഗിരി പദ്ധതിയുടെ ആനത്തോട്, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തിയതിനെ തുടർന്ന് പമ്പാ ത്രിവേണി വെള്ളത്തിൽ മുങ്ങിയ നിലയിൽ. ചിത്രം: മനോരമ

ശബരിമല ∙ അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്നു പമ്പയിലെ വെള്ളപ്പൊക്കം രൂക്ഷമാണെങ്കിലും നിറപുത്തരിക്കായി ശബരിമല നട ഇന്നു തുറക്കും. പൂജകൾ മുടങ്ങില്ല. പുറപ്പെ‌ടാ ശാന്തിയായതിനാൽ മേൽശാന്തി സന്നിധാനത്തിലുണ്ട്. അതിനാൽ കൃത്യസമയത്തു തന്നെ നട തുറക്കും. നാളെ രാവിലെ ആറിനും 6.30നും മധ്യേയാണ് നിറപുറത്തരി പൂജ. 

അച്ചൻകോവിലിൽ നിന്നു ദേവസ്വം ബോർഡും പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുനിന്ന് അയ്യപ്പ സേവാസംഘവും ആഘോഷമായി നെൽക്കതിരുകൾ കൊണ്ടുവരുന്നുണ്ട്. നദിയിലെ ജലനിരപ്പ് കുറയാതിരുന്നാൽ അഗ്നിശമനസേനയുടെ ഡിങ്കിയിൽ നെൽക്കതിർ നദിയുടെ മറുകര എത്തിച്ച് സന്നിധാനത്ത് നിറപുത്തരി പൂജ നടത്താനാണ് ആലോചിക്കുന്നത്. 

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, ദർശനത്തിനും നിറപുത്തരി പൂജകൾ തൊഴാനുമായി വരുന്നത് തൽക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. 

ശബരിമലയിലേക്ക് വണ്ടിപ്പെരിയാർ സത്രം വഴി മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ് അയ്യപ്പഭക്തരെ കടത്തിവിടുന്നത്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര പൂർണമായും തടഞ്ഞിരിക്കുകയാണ്.