Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജനു വഴികാട്ടാൻ എം.പ്രകാശൻ

തിരുവനന്തപുരം∙ മന്ത്രി ഇ.പി.ജയരാജന് ഇനി പിഴവു പറ്റാതിരിക്കാൻ സിപിഎം പ്രത്യേക കരുതലെടുക്കുന്നു. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം.പ്രകാശനെ നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ മുതിർന്ന നേതാക്കളുടെ നിയമനം സാധാരണമെങ്കിലും മറ്റൊരു മന്ത്രിയെ സഹായിക്കാൻ പ്രമുഖരായ നേതാക്കളുടെ സേവനം പാർട്ടി തേടുന്നത് അപൂർവമാണ്.

മന്ത്രിയെന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചു ഭാര്യാസഹോദരിയുടെ മകനു നിയമനം വാങ്ങിക്കൊടുത്തതാണു ജയരാജന്റെ കസേര തെറിപ്പിച്ചത്. മന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഇതുണ്ടാകില്ലെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ടായിരുന്നു. അതല്ല, ഇക്കാര്യത്തിൽ അവധാനതയോടെ നീങ്ങണമെന്നു ജയരാജനോട് ഓഫിസ് അഭ്യർഥിച്ചെങ്കിലും അദ്ദേഹം ചെവിക്കെ‌ാണ്ടില്ലെന്ന മറുവാദവുമുണ്ടായി. ഇതു രണ്ടായാലും മന്ത്രിക്കു പ്രകാശം നൽകാനായാണ് എം.പ്രകാശന്റെ നിയമനം.

ശ്രദ്ധക്കുറവുണ്ടായാൽ അതു കർശനമായി തന്നെ ജയരാജന്റെ ശ്രദ്ധയിൽ പെടുത്താൻ കഴിയുന്ന സഹപ്രവർത്തകനെ വേണമെന്ന തീരുമാനമാണു നിയമനത്തിൽ നിഴലിക്കുന്നത്. മന്ത്രിസഭയുടെ ആദ്യവർഷത്തെ പ്രവർത്തനം വിലയിരുത്തിയശേഷം മന്ത്രിമാരുടെ സ്റ്റാഫിൽ രാഷ്ട്രീയമായ അനുഭവസമ്പത്തുള്ളവരുടെ അഭാവമുണ്ടെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതെത്തുടർന്നാണു മന്ത്രി പി.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായി മറ്റൊരു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.സന്തോഷിനെ നിയമിച്ചത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനെ കൂടി കണക്കിലെടുക്കുമ്പോൾ കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ നേതാവാണു മന്ത്രിമാരെ സഹായിക്കാനായി നിയമിതനാകുന്നത്. അഴീക്കോട്ടു നിന്നു രണ്ടു തവണ നിയമസഭാംഗമായിട്ടുള്ള എം.പ്രകാശൻ, കർഷകസംഘം സംസ്ഥാന ട്രഷററും ബാലസംഘം സംസ്ഥാന കൺവീനറുമാണ്. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും, കണ്ണൂരിലെ ആശുപത്രി ഭരണസമിതി പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.