Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീതിയൊഴിയുന്നു, ഇനി അതിജീവനം; ക്യാംപുകളിൽ കഴിയുന്നവർ 10 ലക്ഷം

People wait for aid കരങ്ങൾ കാത്ത്: പ്രളയജലത്തിൽ നിന്നു രക്ഷപ്പെടാനായി താൽക്കാലികമായി നിർമിച്ച ചങ്ങാടത്തിൽ സഹായം കാത്തുനിൽക്കുന്ന ജനങ്ങൾ‌. ചിത്രം:റോയിട്ടേഴ്സ്

ദുരിതാശ്വാസ ക്യാംപുകളിൽ മാത്രം 10.58 ലക്ഷം പേർ. ബന്ധുവീടുകളിലും മറ്റുമായി വേറെയും പതിനായിരങ്ങൾ. പ്രളയഭീതിയൊഴിഞ്ഞ് അതിജീവനത്തിനൊരുങ്ങുന്ന കേരളത്തിന്റെ കാഴ്ചയാണിത്. ചെങ്ങന്നൂർ മേഖലയിൽ 97 ശതമാനം പേരെയും കുട്ടനാട്ടിൽ 95 ശതമാനം പേരെയും ഒഴിപ്പിച്ചു. 

അതേസമയം, എറണാകുളം ജില്ലയിൽ പറവൂരിന്റെ ഉൾപ്രദേശങ്ങളായ പുത്തൻവേലിക്കര, വടക്കേക്കര, ചേന്ദമംഗലം എന്നിവിടങ്ങളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നു. ചിലർ ക്യാംപുകളിലേക്കു വരാൻ കൂട്ടാക്കുന്നില്ലെന്നും അധികൃതർ പറയുന്നു. തൃശൂരിന്റെ പടിഞ്ഞാറൻ മേഖലയിലാണ് ഇപ്പോൾ ദുരിതം. കരുവന്നൂർ പുഴ ഗതി മാറിയതിനെത്തുടർന്ന് ആറാട്ടുപുഴ, കാറളം, വല്ലച്ചിറ, ചേർപ്പ്, താന്ന്യം, അന്തിക്കാട് എന്നിവിടങ്ങളിൽ ആറടി വരെ വെള്ളം ഉയർന്നു. അര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള കുമരകം, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി. 

അപ്പർ കുട്ടനാട് മേഖലയിൽ രക്ഷാപ്രവർത്തനം ഇന്നു പൂർത്തിയാകുമെന്നാണു പ്രതീക്ഷ. പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി മേഖലകൾ വെള്ളമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്. 

ഇന്നലെ റിപ്പോർട്ട് ചെയ്ത 25 മരണങ്ങളിൽ എട്ടെണ്ണം തൃശൂരിലും ഒൻപതെണ്ണം എറണാകുളത്തുമാണ്. അഞ്ചു ദിവസങ്ങളിലായി സംസ്ഥാനത്തു മഴക്കെടുതികളിൽ മരിച്ചവർ 220. ഇന്നലെ 13 പേർ മരിച്ചതായാണു സർക്കാരിന്റെ അറിയിപ്പ്. 7.24 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുകൾ പ്രകാരം 10,58,640 പേർ ക്യാംപുകളിലാണ്.

മഴ ദുർബലം; ജാഗ്രതാനിർദേശം പിൻവലിച്ചു

തിരുവനന്തപുരം ∙ മഴ ദുർബലമായതോടെ സംസ്ഥാനത്തു ജാഗ്രതാനിർദേശം പൂർണമായി പിൻവലിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ മാത്രം ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ മഴയെ സ്വാധീനിക്കില്ല. അതേസമയം, മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

related stories