Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇതാ മകന്റെ നമ്പർ, എവിടാണെന്ന് ചോദിക്കാമോ’; ദുരിതാശ്വാസക്യാംപിൽ ആധിയോടെ ഒരച്ഛൻ

Father തിരുവമ്പാടി സ്കൂളിലെ ക്യാംപിൽ കരുണാകരൻ.

ആലപ്പുഴ ∙ ഉള്ളിൽ കനലെരിയുമ്പോഴും കരുണാകരന്റെ (76) കയ്യിൽ സ്വന്തമെന്നു പറയാൻ ഒരു തുണ്ട് കടലാസ് മാത്രം. അതിലെ അക്കങ്ങളിലാണ് ഇനി അയാളുടെ പ്രതീക്ഷകളത്രയും. ചെങ്ങന്നൂരിലേക്കു പോയ മകനെയും കുടുംബത്തെയും കാത്ത് വീട്ടിലിരുന്ന കരുണാകരൻ ഇപ്പോൾ പ്രളയദുരിതം നീന്തിക്കയറിയ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിലാണുള്ളത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂരിലെ പ്രളയ ദുരിതമറിഞ്ഞ് മകൻ ബിജു നെടുമുടി പൊങ്ങയിലെ കായൽപറമ്പ് വീട്ടിൽനിന്നു ചെങ്ങന്നൂരിലെ മറ്റ് കുടുംബാംഗങ്ങളുട‌െ അടുത്തേക്കു പോയത്. 

വീട്ടിൽ വെള്ളം പടിക്കൊപ്പമെത്തിയ സാഹചര്യത്തിൽ അമ്മ ലീലയെയും ഭാര്യ ​അനിലയെയും ​എട്ടുമാസം പ്രായമുള്ള മകൾ ഐശ്വര്യയെയും അഞ്ച് വയസ്സുകാരി അമൃതയെയും ​നേരത്തേതന്നെ ചെ‌ങ്ങന്നൂരിലെ ബന്ധുവീട്ടിലേക്കു മാറ്റുകയായിരുന്നു. ഇവിടെനിന്ന് ഇവരെ രക്ഷിച്ചു മടങ്ങി വരുമെന്നു പറഞ്ഞുപോയ മകനും മറ്റു ബന്ധുക്കളും ഇപ്പോൾ എവിടെയാണെന്ന ആധിയിലാണ് കരുണാകരൻ. 

ശനിയാഴ്ചയാണ് പൊങ്ങയിലെ വീട് വെള്ളത്തിൽ മുങ്ങിയത്. 

തനിച്ചായ കരുണാകരൻ വെള്ളത്തിലൂടെ നടന്നും നീന്തിയുമാണ് ചമ്പക്കുളത്തെത്തിയത്. 

ഇവിടെനിന്നും വള്ളത്തിൽ കരുണാകരനെ തിരുവമ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിച്ചു. തുണ്ടു കടലാസിലെഴുതിയ മകന്റെയും മറ്റ് ബന്ധുക്കളുടേയും ഫോൺ നമ്പരുകളിലേക്ക് പലരുടെയും ഫോണിൽനിന്നു വിളിച്ചിട്ടും ഫലമില്ല. അവരെക്കുറിച്ചറിഞ്ഞോ എന്ന ചോദ്യവുമായി ആൾക്കൂട്ടത്തിനിടയിൽ കാതുകൂർപ്പിക്കുകയാണ് കരുണാകരൻ.

related stories