Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുറ്റോടുചുറ്റും ആധി... ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടത്

cicily,-Lillykutty-Claramma സിസിലി, ലില്ലിക്കുട്ടിയും ക്ലാരമ്മയും. ചിത്രങ്ങൾ: റെജു അർണോൾഡ്

നടക്കാൻ പഠിക്കും മുൻപേ നീന്താൻ പഠിച്ചവർ എന്നാണു കുട്ടനാട്ടുകാരെക്കുറിച്ചു കേട്ടിരുന്നത്. അവർ ഈ പ്രളയത്തെ  എങ്ങനെ നേരിട്ടു? ഹതാശരായ അവരുടെ അതിജീവനത്തിന്റെ വഴികളെന്താണ് ?  

ഇങ്ങനെ കുറെ ആശങ്കകളും സംശയങ്ങളും ഉള്ളിലടുക്കിയാണ് ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു ചെന്നത്. 

കൊടുപ്പുന്ന സ്വദേശിനി 80 വയസ്സുകാരിയായ ഏലിക്കുട്ടിയുടെ വാക്കുകൾ  സംശയം തീർത്തു. ‘എന്റെ കുഞ്ഞേ, എല്ലാ വർഷവും ഉള്ളതല്ലേ പ്രളയം. നാലഞ്ചു ദിവസങ്ങൾകൊണ്ടു വെള്ളമിറങ്ങും. ഇത്തവണ വെള്ളമങ്ങു കയറിക്കയറി വന്നില്ലേ. കഴുത്തറ്റം വെള്ളത്തിൽ മുങ്ങി. കിട്ടിയ ബോട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.’ 

ജൂൺ മാസം മുതൽ മാറിമാറി ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞ് ഒടുവിൽ അയൽ ജില്ലയായ കോട്ടയത്തെ വിവിധ ക്യാംപുകളിൽ കഴിയുന്ന ഓരോ കുട്ടനാടുകാരനും മുങ്ങിപ്പോയ ജീവിതങ്ങളാണ്. പ്രളയജലം വരിഞ്ഞുമുറുക്കിയ കുട്ടനാടിന്റെ പലായനം സമാനതകളില്ലാത്തതാണ്. വെള്ളവുമായി നിരന്തരം ഏറ്റുമുട്ടി ജീവിച്ച ഒരു ജനതയെ പ്രളയം അത്രമേൽ മുറിവേൽപിച്ചിരിക്കുന്നു.

ഇപ്പോഴും ഭയന്നുവിറച്ച്... 

വീടു മുങ്ങുമ്പോൾ പുല്ലങ്ങാടി സ്വദേശികളായ ഫിലിപ്പും (84), സിസിലിയും (80) ഒറ്റയ്ക്കായിരുന്നു. ഫിലിപ്പിന്റെ കാൽ  രോഗം മൂലം പഴുത്തിരിക്കുന്നു. ഒരു മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തുമ്പോഴാണ് വെള്ളപ്പൊക്ക ദുരിതം. അഞ്ചു മക്കളുണ്ടെങ്കിലും നാട്ടിലുള്ളത് മകൻ ജിൻസൻ മാത്രം. മുങ്ങിത്തുടങ്ങിയ വീട്ടിൽനിന്ന് അച്ഛനെയും അമ്മയെയും വാരിയെടുത്ത് ഒരോട്ടമായിരുന്നു ജിൻസൻ. ബോട്ടിൽനിന്ന് ക്യാംപിലേക്കു മാറ്റുമ്പോഴും അവരുടെ ശരീരത്തിലെ വിറ മാറിയിരുന്നില്ല. 

അവൻ അച്ഛനെ കണ്ടു, ആറാം നാൾ

പത്തനംതിട്ട തലയാർ കുറ്റൂരെ ജയകുമാരിയുടെ മകൾ ദീപുവിനു പ്രസവത്തീയതി പറഞ്ഞിരുന്നത് 23ന്. 

പക്ഷേ, 14നു തന്നെ പ്രസവിച്ചു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ മണിമലയാറിനു തീരത്തുള്ള വീട് വെള്ളത്തിൽ മുങ്ങിയിരുന്നു. ഓതറയിലുള്ള ഭർത്താവിന്റെ വീടും വെള്ളത്തിൽ. ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ ഇവർക്കു പ്രത്യേകം മുറി ഒരുക്കിക്കൊടുത്തു. 

ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ കുട്ടിയുടെ അച്ഛന് ആദ്യമായി കുഞ്ഞിനെ കാണാനായത് ആറു ദിവസത്തിനു ശേഷം ഇന്നലെ രാവിലെ. അന്ന് ആശുപത്രിയിൽ കൂട്ടിരുന്ന ജയകുമാരിയുടെ ചേച്ചിയെയും അമ്മയെയും കുറിച്ച് ഒരു വിവരവും ഇനിയും കിട്ടിയിട്ടില്ല.

അച്ഛനും അമ്മയും എവിടെ? 

ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ ചേച്ചിയുടെ കുട്ടി അമ്മുവിനെ ചേർത്തു പിടിച്ചിരുന്നത് എടത്വ സ്വദേശിനി നഴ്സിങ് വിദ്യാർഥിനി ചിഞ്ചു. ചേച്ചിയും ഭർത്താവും മുംബൈയിലാണ്. വെള്ളം ഉയർന്നു വന്നപ്പോൾ അച്ഛനും അമ്മയും ചിഞ്ചുവിനോടു പറഞ്ഞു. നീ കുഞ്ഞിനെയും കൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടൂ. അവൾ കുഞ്ഞിനെ വാരിയെടുത്തു ബോട്ടിൽ കയറി. 

അച്ഛനും അമ്മയും രക്ഷപ്പെട്ട് ഏതെങ്കിലും ക്യാംപിൽ എത്തിയോ? അറിയില്ല.

ബോട്ടിലേക്ക് കരയിൽനിന്ന് ‘എയർലിഫ്റ്റിങ്’

ക്യാംപിൽനിന്നു ചങ്ങനാശ്ശേരിയിലെ ബോട്ട് ജെട്ടിയിലെത്തിയപ്പോൾ കേട്ട കഥകൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ജലനിരപ്പുയർന്നപ്പോൾ രക്ഷതേടി ബോട്ടുജെട്ടികളിൽ നിൽക്കുന്നവരെ ബോട്ടിനുള്ളിൽ എത്തിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ആളുകൾ നിൽക്കുന്നത് കഴുത്തൊപ്പം വെള്ളത്തിൽ. അതിനു മുകളിലാണ് ബോട്ട്. സാധാരണ ബോട്ടും ജെട്ടിയും ഒരേ നിരപ്പിലായിരിക്കുമല്ലോ. ആളുകൾക്കു നേരെ കയറിച്ചെല്ലാം. ഇത് താഴെനിന്നു മുകളിലേക്കു കയറണം. 

രണ്ടു പേർ ബോട്ടിലിരുന്നും ഒരാൾ താഴെനിന്നും ഓരോരുത്തരെയായി വലിച്ചു കയറ്റുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ‘എയർ ലിഫ്റ്റിങ്’. നെടുമുടി ജെട്ടിയിൽനിന്നു കൈകാണിച്ചത് എട്ടു മാസം ഗർഭിണിയും ഭർത്താവും. എത്ര ശ്രമിച്ചിട്ടും സ്ത്രീക്കു ബോട്ടിനുള്ളിൽ കയറാനാകുന്നില്ല. പിന്നെ ബോട്ടിലുള്ളവർ നാലഞ്ചു പലകകൾ ഇട്ടു കൊടുത്തു. അവർ ചവിട്ടുന്നതനുസരിച്ച് താഴെ നിന്നു പലക പൊക്കിക്കൊടുത്തു. അങ്ങനെ അര മണിക്കൂർ ശ്രമത്തിനൊടുവിൽ അവർ ബോട്ടിനുള്ളിൽ. നേരാങ്ങളമാരുടെ നന്മയ്ക്കു മുൻപിൽ അവർ തൊഴുതുനിന്നു.  

ജീവിക്കും, അല്ലാതെന്ത് ചെയ്യാൻ! 

കണ്ണാടിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ലില്ലിക്കുട്ടിയും (60), അനിയത്തി ക്ലാരമ്മയും(58). ലില്ലിക്കുട്ടിക്കു കഷ്ടിച്ചു നടക്കാനാകും. വികലാംഗയായ ക്ലാരമ്മ കിടപ്പിലാണ്. വെള്ളം പൊങ്ങിയപ്പോൾ കണ്ണാടി പള്ളി വികാരി ഫാ. സിറിയക് പഴേമഠത്തിന്റെ നേതൃത്വത്തിൽ കുറെ ചെറുപ്പക്കാരെത്തി.

ഇരുവരെയും വെള്ളത്തിൽ നിന്നു വലിച്ചു കയറ്റി പുളിങ്കുന്നിലെ ഒരു പച്ചക്കറിക്കടയുടെ കൂരയ്ക്കു കീഴിലെത്തിച്ചു. നൂറിലധികം പേരുണ്ട് അവിടെ. രാത്രി വൈകിയതുകൊണ്ട് ബോട്ട് ഓടില്ല. കോരിച്ചൊരിയുന്ന മഴയിൽ തണുത്തു വിറച്ച് ഒരു രാത്രി. പിറ്റേന്ന് ബോട്ടിൽ ചങ്ങനാശേരിയിലെ സെന്റ് വിൻസന്റ് അഭയകേന്ദ്രത്തിലേക്ക്. വികലാംഗ പെൻഷൻ തുടർന്നും കിട്ടുമായിരിക്കും. ജീവിക്കാമെന്ന ആത്മവിശ്വാസം ഇരുവർക്കും. 

related stories