Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകഴ്ത്തിയും ഇകഴ്ത്തിയും ‘കേസരി’ ഓൺലൈനിൽ മുഖപ്രസംഗം: ഹാക്കിങ് എന്നു വിശദീകരണം

തിരുവനന്തപുരം∙ പ്രളയം കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും പ്രളയദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ കേരളത്തോടു രാഷ്ട്രീയ വിവേചനം കാട്ടിയെന്നു കുറ്റപ്പെടുത്തിയും ആർഎസ്എസ് മുഖവാരികയായ ‘കേസരി’യുടെ ഓൺലൈൻ പതിപ്പിൽ വിമർശനം.

‘പ്രിയ സംഘമിത്രങ്ങളേ നമസ്കാരം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒരു മണിക്കൂറിനകം പിൻവലിച്ച കേസരി, തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന വിശദീകരണവുമായി രംഗത്തെത്തി. പ്രളയദുരന്തം നേരിട്ട കേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മര്യാദയോടെ കേന്ദ്രത്തെ സമീപിച്ചുവെന്നും ആ മര്യാദ കേന്ദ്രസർക്കാർ തിരിച്ചു കാണിച്ചില്ലെന്നും നീക്കം ചെയ്ത മുഖപ്രസംഗത്തിൽ പറയുന്നു.

‘പ്രളയത്തിനും പ്രകൃതിക്കും രാഷ്ട്രീയ വ്യത്യാസമില്ല. ചെങ്ങന്നൂരും ആറന്മുളയും അടക്കം സംഘപുത്രന്മാർ ഏറെയുള്ള പ്രദേശങ്ങളിലാണു പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. നല്ലൊരു ശതമാനം സംഘപുത്രന്മാർ ഈ ദുരന്തത്തിൽപെട്ടു. അതു കേന്ദ്രനേതൃത്വത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി അവർ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ്.

ഭാരതം എന്ന വികാരത്തിനൊപ്പം ഓരോ സംഘപുത്രനും നെഞ്ചിൽ ഊറ്റം കൊള്ളേണ്ട വികാരമാണു കേരളമെന്നതും. കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്’– മുഖപ്രസംഗം പറയുന്നു.

അതേസമയം, അക്ഷരത്തെറ്റുകൾ നിറഞ്ഞ ഇത്തരമൊരു മുഖപ്രസംഗം തങ്ങൾ പ്രസിദ്ധീകരിച്ചതല്ലെന്നും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും കേസരി പ്രവർത്തകർ അറിയിച്ചു. എഡിറ്ററുടേതെന്ന പേരിൽ വന്ന മുഖപ്രസംഗം സൈറ്റിൽ നുഴഞ്ഞുകയറി ആരോ എഴുതി ചേർത്തതാണ്.

ഓഗസ്റ്റ് 22നു പ്രസിദ്ധീകരിച്ചതെന്ന രീതിയിലാണു വ്യാജ മുഖപ്രസംഗം എഴുതിയിരിക്കുന്നത്. 24ന് ആണ് ഈ ലക്കം ഇറങ്ങുന്നത്. അതാകട്ടെ ഓണപ്പതിപ്പുമാണ്. ഈ മുഖപ്രസംഗം കേസരിയുടെ അഭിപ്രായമല്ലെന്നും വ്യക്തമാക്കി.

related stories