Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ , കുത്തിയതോട്ടിലെ ദുരന്തം പുറത്തെത്തിച്ച വിഡിയോയിലെ ‘അജ്ഞാത’ യുവാവ്

davis-thottunkal ഡേവിസ്

കൊച്ചി∙ രണ്ടു ദിവസം മുൻപു തങ്ങളുടെ ദാരുണാവസ്ഥ ലോകത്തോടു വിളിച്ചു പറയുമ്പോഴുണ്ടായിരുന്ന രോഷം ഇന്നലെ ആ യുവാവിന്റെ ശബ്ദത്തിനുണ്ടായിരുന്നില്ല. അഭയം തേടിയ പള്ളിയിൽ തന്നെ തന്റെ കൂട്ടുകാരുടെ ശവസംസ്കാരം നടക്കുന്നതിനു സാക്ഷിയാകേണ്ടി വന്ന തീവ്രദുഃഖം മാത്രമായിരുന്നു അതിൽ നിഴലിച്ചിരുന്നത്.

പറവൂർ നേർത്ത് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിയുടെ മേട തകർന്ന് ആറുപേർ മരിച്ച വിവരം വിഡിയോയിൽ കൂടി പുറംലോകത്തോടു വിളിച്ചു പറഞ്ഞതു ഡേവിസ് തോട്ടുങ്കലായിരുന്നു. വിഡിയോ ദൃശ്യങ്ങളിൽ നെഞ്ചിനൊപ്പം വെള്ളം കയറിയ രീതിയിലാണ് ഡേവിസിനെ കണ്ടതെങ്കിൽ അതേ സ്ഥലത്ത് ഇന്നലെ വെള്ളം ഇറങ്ങിപ്പോയ ഭാഗത്താണ് അദ്ദേഹം നിന്നത്. പക്ഷേ, ആവശ്യഘട്ടത്തിൽ ആരും സഹായിക്കാനെത്തിയില്ലെന്ന വേദന ഇപ്പോഴും വേട്ടയാടുന്നു. 

Kuthiyathodu-Cremation ഒന്നു തൊട്ടോട്ടെ എന്റഛനെ: എറണാകുളം കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിമേട തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച അമ്പാട്ടുപറമ്പില്‍ ശൗര്യാരുടെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ കുഴിമാടത്തിനു മുകളില്‍ കിടന്നു പെട്ടിയില്‍ തെട്ടു വിതുമ്പുന്ന മകന്‍ ജോഷി. കെട്ടിടം തകര്‍ന്നുവീണ് ആറുപേരാണ് ഇവിടെ മരിച്ചത്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഡേവിസിന്റെ അയൽവാസികളും കൂട്ടുകാരുമാണ് മരിച്ച ആറുപേരും. ‘അറുപതു മണിക്കൂറാണ് ഇതിൽ നാലുപേരുടെ മൃതദേഹം തകർന്ന കെട്ടിടത്തിനടിയിൽ കിടന്നത്. അവരുടെ ഭാര്യയും മക്കളും തൊട്ടപ്പുറത്തെ കെട്ടിടത്തിന്റെ മുകളിലിരുന്ന് തകർന്ന കെട്ടിടത്തെ നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു. ഹൃദയഭേദകമായ ആ കാഴ്ചയ്ക്കു മുന്നിൽ ഞങ്ങൾ നിസ്സഹായരായിരുന്നു’– മറക്കാനാഗ്രഹിക്കുന്ന ആ നിമിഷങ്ങൾ ഡേവിസ് പങ്കുവച്ചു. 

16നു വൈകിട്ടാണ് കെട്ടിടം തകർന്നുവീണത്. മിക്കവാറും ആളുകളെ രക്ഷിച്ചു. എന്നാൽ ആറുപേർ കുടുങ്ങി. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാറിമാറി വിളിച്ചു നോക്കി. ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. കലക്ടർ ബോട്ട് എത്തിച്ചുതരാമെന്നു പറഞ്ഞു. പക്ഷേ, ആ ബോട്ട് മറ്റേതോ ക്യാംപിലേക്കു പോയി. ഇത്രയുമൊക്കെ ആയപ്പോഴാണ് മൊബൈലിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. ഈ വിഡിയോയാണ് കുത്തിയതോട്ടിലെ ദുരന്തത്തിന്റെ യഥാർഥ ചിത്രം പുറംലോകത്തെ അറിയിച്ചത്.  

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ് ഡേവിസ്.

related stories