Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയമായ സൈന്യവും പൊലീസും, തടവറ ഭേദിച്ച നൽരുചി, മുറുക്കിപ്പിടിച്ച കടിഞ്ഞാൺ...നമ്മൾ അതിജീവിച്ച കഥ

INDIA-WEATHER-FLOOD ആലുവയിൽ രക്ഷാപ്രവർത്തനം നടത്തുന്ന കരസേനയുടെ സൈനികർ. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ചിത്രം

സൈന്യം

കരസേന

∙ പുണെ ദക്ഷിണമേഖല കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തനം. 

∙ ഏകോപനം ബെംഗളൂരു കെ ആൻഡ് കെ സബ് ഏരിയയിലൂടെ. 

∙ പാങ്ങാട് മിലിറ്ററി സ്റ്റേഷൻ വഴിയും കണ്ണൂർ ഡിഫൻസ് സർവീസ് കോർപ് വഴിയും സൈന്യത്തിന്റെ വിന്യാസം.

∙ പുണെ കരസേന ദക്ഷിണ മേഖല കമാൻഡ് മേധാവി ലഫ്. ജനറൽ ഡി.ആർ. സോണിയും കെ ആൻഡ് കെ സബ് ഏരിയ മേധാവി മേജർ സഞ്ജീവ് നരെയ്നും പാങ്ങോട് മിലിറ്ററി ക്യാംപിൽ നേരിട്ടെത്തി ഏകോപനം.

∙ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത് 1,500ലധികം സൈനികർ

∙ ജില്ലാ കലക്ടർമാർ, എസ്പി എന്നിവരുടെ അഭ്യർഥനകൾ ദുരന്തനിവാരണ അതോറിറ്റി വഴി ദക്ഷിണ മേഖല കമാൻഡ് മേധാവിക്ക്

∙ ആവശ്യങ്ങൾക്കനുസരിച്ച് 70 സംഘങ്ങളായി തിരിഞ്ഞു പ്രവർത്തനം

 വ്യോമസേന

∙  കഴിഞ്ഞ എട്ടിനു വയനാട്ടിലാണു സേന ആദ്യമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നീട് എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലും സേന ഇറങ്ങി. 

∙ ഒരോ ദിവസവും രക്ഷാപ്രവർത്തനത്തിനുള്ള സംഘങ്ങൾ വർധിച്ചു വന്നു. 92 സംഘങ്ങൾ വരെ രക്ഷാപ്രവർത്തനം നടത്തിയ ദിവസങ്ങളുണ്ടായിരുന്നു. 

∙ പ്രളയസ്ഥലങ്ങളിലും നാവികസേനയുടെ കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്തുമായി രണ്ടായിരത്തോളം പേർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 

∙ എഎൽഎച്ച് (അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ), മി17വി5 (Mi17v5) വിഭാഗങ്ങളിലായി 26 ഹെലികോപ്റ്ററുകൾ

∙ ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി.സുരേഷിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ

∙ സുളൂർ വ്യോമകേന്ദ്രത്തിലെ ഹെലികോപ്റ്റർ യൂണിറ്റ് കമാൻഡിങ് ഓഫിസറുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ സംഘം

∙ എയർലിഫ്റ്റിങ്ങിനായി വിദഗ്ധപരിശീലനം നേടിയ ഗരുഡ് കമാൻഡോ ഫോഴ്സ് വിങ് കമാൻഡർ ബി.പ്രശാന്തിന്റെ നേതൃത്വത്തിൽ.

∙ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നു ലഭിക്കുന്ന ജിപിഎസ് വിവരം അടിസ്ഥാനമാക്കി പ്രവർത്തനം

∙ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് എയർലിഫ്റ്റിങ്ങിൽ മുൻഗണന നൽകി 

∙ 22 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററിൽ ഒരുതവണ അഞ്ചു മണിക്കൂർ വരെ യാത്ര

∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വളപ്പിൽ നാവികസേന ദിവസം 5000 പേർക്കു വരെയുള്ള ഭക്ഷണം തയാറാക്കി നൽകി.  500 പേർക്കുള്ള താൽക്കാലിക ക്യാംപും  നേവൽബേസിൽ ഒരുക്കി 

കോസ്റ്റ് ഗാർഡ്

36സംഘങ്ങളിലായി കോസ്റ്റ് ഗാർഡ‍ിന്റെ 575 പേരും  രക്ഷാദൗത്യത്തിനുണ്ടായിരുന്നു. 21 ബോട്ടുകളും 36 ജമിനി ബോട്ടുകളുമാണു കോസ്റ്റ് ഗാർഡ് ഉപയോഗിച്ചത്. 

ജയിൽ

ജയിലുകളിൽ തയാറാക്കി വിതരണം ചെയ്തത്: നാലു ലക്ഷത്തിലേറെ രൂപയുടെ ഭക്ഷണം (61,000 ചപ്പാത്തി, 10,000 ഇഡ്ഡലി, 1000 പൊതിച്ചോറ്, ഉപ്പുമാവ്, അവലോസ് പൊടി, ബ്രഡ്, ജാം)

തടവുകാർ ജോലിക്കൂലിയിൽനിന്നു സ്വമേധയാ നൽകിയത് – 12 ലക്ഷം രൂപ

ജയിൽ മേധാവി ഡിജിപി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ ഈ ദൗത്യത്തിൽ പങ്കാളികളായത് 350 തടവുകാരും 150ൽ ഏറെ ഉദ്യോഗസ്ഥരും. ഓണാഘോഷവും സദ്യയും ഉപേക്ഷിച്ച് മരുന്നും വസ്ത്രവും എത്തിച്ചു. വനിതാ ജയിൽ ജീവനക്കാർ തുണിത്തരങ്ങൾ എത്തിച്ചു. സർക്കാർ നിർദേശത്തിനു പുറമെ ജീവനക്കാർ രണ്ടു ലക്ഷം രൂപ അധികം നൽകി. 

Police,-Forest 1. റാന്നി മേഖലയിലെ ആദിവാസി കോളനിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച ഒരു മാസം പ്രായമുള്ള കുട്ടി. തെലങ്കാനയിലെ ഐപിഎസ് ഉദ്യോഗസ്ഥ രമാ രാജേശ്വരിയാണ് ഇൗ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. 2. പ്രളയബാധിത മേഖലയിൽ കേരള പൊലീസ്. (ഫയൽ ചിത്രം).

പൊലീസ്

രക്ഷാദൗത്യത്തിൽ–  40,000 പൊലീസുകാർ

ലഭിച്ച സഹായ അഭ്യർഥനകൾ– 12 ലക്ഷം

പൊലീസ് വാഹനങ്ങൾ – 2476  

പുനർനിർമാണപ്രവർത്തനങ്ങൾക്ക് – 30,000 പൊലീസുകാർ 

കരുതലും കരുണയും നിറഞ്ഞ കൈനീട്ടൽ, സാഹസിക രക്ഷാ പ്രവർത്തനം, വിശ്രമരഹിത ദിനരാത്രങ്ങൾ.... പ്രളയമുഖത്ത് കേരളം കണ്ടത് പുതിയ പൊലീസിനെ. 

കേരള പൊലീസ് എത്താത്ത ദുരന്ത മുഖങ്ങൾ അപൂർവമായിരുന്നു. സ്വന്തംനിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കു പുറമേ മറ്റു സേനാ വിഭാഗങ്ങൾക്കും ജനങ്ങൾക്കുമൊപ്പം തോളോടുതോൾ ചേരുകയും ചെയ്തു. 

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിനൊപ്പം ബിഎസ്എൻഎല്ലിന്റെ സഹായത്തോടെ 10 ലൈനുകളുള്ള പുതിയ കൺട്രോൾ റൂം തുറന്നു. പ്രാദേശികമായി ഒരു ഡിഐജിയുടെ നേതൃത്വത്തിൽ ജില്ലാ എസ്പിമാർക്കു പുറമെ ഒരു എസ്പി നേരിട്ടു നേതൃത്വം നൽകിയ കൺട്രോൾ റൂമുകളിലൂടെയായിരുന്നു ഏകോപനം. സഹായാഭ്യർഥനകൾ കൈകാര്യം ചെയ്തത് ഇവയിലൂടെ. ലഭ്യമായ നമ്പരുകളിൽ വിളിച്ചു കുടുങ്ങിയവരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കോസ്റ്റൽ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടേയും അടക്കം 400 ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിനെത്തിച്ചു.  

ദുരിതാശ്വാസ ക്യാംപുകളിൽ 100 ലോഡിലേറെ സാധനങ്ങൾ ഇതിനോടകം നൽകി. പല ഉദ്യോഗസ്ഥരുടെയും വീടുകൾ വെള്ളത്തിലാവുകയോ കുടുംബം ഒറ്റപ്പെടുകയോ ചെയ്ത സാഹചര്യത്തിലായിരുന്നു ഈ ദൗത്യം. 

മൂന്നു പൊലീസ് സ്റ്റേഷനുകൾ പൂർണമായും ഒട്ടേറെ സ്റ്റേഷനുകൾ ഭാഗികമായും പ്രളയത്തിൽ നശിച്ചു. 

ഇനി പുനരധിവാസ ദൗത്യത്തിലേക്കു കടക്കുകയാണു പൊലീസ്. ഓരോ വീട്ടിലും ഭക്ഷണപ്പൊതികളും ശുദ്ധജലവും എത്തിക്കുന്ന പൊലീസ് ജീപ്പുകൾ. ഓരോ ഉദ്യോഗസ്ഥനും ഒരു കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുന്ന തരത്തിലാണു പ്രവർത്തനം. 

മൂന്നു കുടുംബത്തിന്റെ പുനരധിവാസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് ഏറ്റെടുക്കും. 

മുഖ്യമന്ത്രിയുടെ ഓഫിസ് – മുറുക്കിപ്പിടിച്ച കടിഞ്ഞാൺ

കഴിഞ്ഞ എട്ടിനു മഴ തുടങ്ങിയപ്പോൾ മുതൽ പ്രളയം നേരിടുന്നതിനും ദുരിതാശ്വാസത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നേതൃത്വം നൽകി. ചികിത്സയ്ക്കായുള്ള അമേരിക്കൻ യാത്രപോലും ഉപേക്ഷിച്ചാണ് അദ്ദേഹം രാവിലെമുതൽ രാത്രിവരെ പ്രവർത്തനങ്ങൾ നേരിട്ടു നിയന്ത്രിച്ചത്. 

പ്രളയം ശക്തമാകുന്നതിനു മുമ്പേ ഡാമുകളിലെ ജലനിരപ്പ് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നിരുന്നു. വൈദ്യുതി ബോർഡിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും അധികൃതർ യോഗത്തിൽ പങ്കെടുത്തു. ജലനിരപ്പ് ഉയർന്നാൽ ഡാമുകൾ തുറക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. സജ്ജമായിരിക്കണമെന്നും തീരുമാനിച്ചു. ജലം ഒഴുക്കിവിടുന്ന മേഖലകളിൽ നേരിട്ടു പോയി പഠിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഓരോ ഘട്ടത്തിലും മുന്നറിയിപ്പു നൽകുന്നതും മറ്റും മുഖ്യമന്ത്രി അവലോകനം ചെയ്തു. 

പ്രളയത്തെ തുടർന്നുള്ള രക്ഷാ പ്രവർത്തനം വിലയിരുത്താൻ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു തീരുമാനങ്ങൾ എടുത്തു. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും നിരീക്ഷണ സെൽ പ്രവർത്തിച്ചു. കേന്ദ്ര സേനകളുടെ പ്രതിനിധികൾ ഉൾപ്പെടെ നിരീക്ഷണ സെല്ലിൽ സജീവമായി പങ്കെടുത്തു. റവന്യു മന്ത്രിയുടെ ഓഫിസിലും നിരീക്ഷണ സെൽ പ്രവർത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫിസും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും അവധി ദിവസങ്ങൾ ഒഴിവാക്കി ഓഫിസിൽ സജീവമായി പ്രവർത്തിച്ചു.

related stories