Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപ്പെട്ട് ശബരിമല; ഓണസദ്യ ഒഴിവാക്കി

Pampas-change-in-course പമ്പ ത്രിവേണിയിൽ ഗതിമാറി ഒഴുകുന്ന പമ്പാനദി

ശബരിമല ∙ പ്രളയത്തിൽ ശബരിമല ഒറ്റപ്പെട്ടു. ചിങ്ങമാസ – നിറപുത്തരി പൂജകൾ ചടങ്ങു മാത്രമായി നടത്തി. ഓണം പൂജകൾക്കായി ഇന്നലെ നടതുറന്നെങ്കിലും തീർഥാടകർക്കു പങ്കെടുക്കാനാകില്ല. ഓണസദ്യ ഒഴിവാക്കി.  

റോഡ് അപകടാവസ്ഥയിലായതോടെ വാഹനങ്ങൾക്കു പമ്പയിലെത്താൻ കഴിയില്ല. നദി ഗതിമാറിയതോടെ സന്നിധാനത്തേക്കു പോകാനും മാർഗമില്ല. നാലു കിലോമീറ്ററോളം അകലെ മലമുകളിലുള്ള സന്നിധാനത്തേക്ക് പൂജ–വഴിപാട് സാധനങ്ങളും ഭക്ഷണവും എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടുത്ത മണ്ഡല – മകരവിളക്കു തീർഥാടനവും പ്രതിസന്ധിയിലാണ്. 

സർക്കാരും ദേവസ്വം ബോർഡും ഭക്തരും ഒരുമയോടെ പ്രവർത്തിച്ചില്ലെങ്കിൽ പമ്പയും ശബരിമല റോഡുകളും അടുത്ത തീർഥാടനത്തിനു മുൻപു പുനരുദ്ധരിക്കുക പ്രയാസം. തകരാറിലായ വൈദ്യുതി – ജല വിതരണ സംവിധാനങ്ങളും പുനഃസ്ഥാപിക്കേണ്ടതുണ്ട്.

ളാഹയ്ക്കും പമ്പയ്ക്കും മധ്യേ റോഡ് പലയിടങ്ങളിൽ ഇടിഞ്ഞു. പ്ലാന്തോടിനടുത്ത് റോഡ് വിണ്ടുകീറി കൊക്കയിലേക്ക് പതിക്കുന്ന അവസ്ഥയിലാണ്. 

വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി 22 കിലോമീറ്റർ ഘോരവനത്തിലൂടെ നടന്നാലേ സന്നിധാനത്തിൽ എത്താൻ കഴിയൂ. കടുവ ഉൾപ്പെടെ വന്യമൃഗശല്യം ഉള്ളതിനാൽ ആരെയും കടത്തിവിടുന്നില്ല. 

സന്നിധാനത്ത് ഭക്ഷണ ക്ഷാമം

സന്നിധാനത്തിൽ രൂക്ഷമായ ഭക്ഷണ ക്ഷാമം. മേൽശാന്തി ഉൾപ്പെടെ 30 പേർ താമസിക്കുന്നുണ്ട്. അരി ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളും തീർന്നു. വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വനപാതയിലൂടെ ചുമന്നു സന്നിധാനത്തിൽ എത്തിക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചെങ്കിലും വനം വകുപ്പ് അനുവദിച്ചിട്ടില്ല.

ദേവസ്വം ബോർഡിന് 100 കോടി രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ

പമ്പാ ത്രിവേണിയിൽ ഉണ്ടായ നാശങ്ങൾ

1) രാമമൂർത്തി മണ്ഡപങ്ങൾ തകർന്നു.

2) പമ്പാ മണൽപ്പുറത്തെ നടപ്പന്തൽ തകർന്നു.

3) ശർക്കര ഗോഡൗണിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം.

4) ത്രിവേണിയിലെ ശുചിമുറികളെല്ലാം തകർന്നു.

5) അന്നദാന മണ്ഡപം, രണ്ട് ഹോട്ടൽ സമുച്ചയങ്ങൾ എന്നിവയ്ക്കു നാശം.

6) അന്നദാന മണ്ഡപത്തിന്റെ ഒരു നില മുഴുവൻ മണ്ണുമൂടി.

7) ദേവപ്രഭ, കോഫി ലാൻഡ് എന്നീ വലിയ ഹോട്ടലുകളിലെ മുഴുവൻ സാധനങ്ങളും ഒഴുകിപ്പോയി. 

8) ത്രിവേണിയിൽനിന്നു ഗണപതി കോവിലിലേക്കുള്ള റോഡ് തകർന്നു.

9) പമ്പയിലെ ദേവസ്വം മരാമത്ത് ഓഫിസ് കെട്ടിടത്തിന്റെ ഒരു നില മുഴുവൻ മണ്ണിനടിയിലായി.

10) പമ്പ പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ്, അമൃത ആശുപത്രി തുടങ്ങിയ കെട്ടിടങ്ങൾ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടത്തിൽ.

11) ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള റോഡിൽ മണ്ണിടിഞ്ഞുവീണു. അവിടേക്ക് പോകാൻ കഴിയില്ല.

12) ഹിൽ ടോപ്പിൽ ഉരുൾപൊട്ടി ഒരു ഭാഗം ഇടിഞ്ഞു.

ബെയ്‍ലി പാലം ആലോചനയിൽ

ത്രിവേണിയിലെ രണ്ടു പാലങ്ങളും തകർന്നു. അവിടം മുഴുവൻ മണ്ണുമൂടി. ഇപ്പോൾ എതിർവശത്ത് കടകളുടെ ഭാഗത്തുകൂടിയാണ് പുഴ ഒഴുകുന്നത്. സൈന്യത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം ഒരുക്കുന്നതിനേക്കുറിച്ചാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.

യോഗം ഇന്ന്

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനെപ്പറ്റി ആലോചിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്ന യോഗം ഇന്നു രാവിലെ 10ന് പമ്പയിൽ നടക്കും.

related stories