Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: മാപ്പിങ്ങിൽ സഹായിക്കാൻ ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും

chengannur-flood

തിരുവനന്തപുരം∙ പ്രളയ പശ്ചാത്തലത്തിൽ, കേരളത്തിന്റെ പ്രത്യേക ഭൂപടം തയാറാക്കാനുള്ള ‘ഓപ്പൺ സ്ട്രീറ്റ് മാപ്പ്’ ശ്രമങ്ങളിൽ സഹായവുമായി ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും. സ്വതന്ത്ര പ്ലാറ്റ്ഫോമായ ഓപ്പൺ സ്ട്രീറ്റ് മാപ്പിലാണ് ഇരു കമ്പനികളും കേരളത്തിലെ റോഡുകൾ, ജലാശയങ്ങൾ, കെട്ടിടങ്ങൾ എന്നിവ അടയാളപ്പെടുത്തുന്നത്. പ്രളയവുമായി ബന്ധപ്പെട്ടു സർക്കാരും ഇത്തരം മാപ്പാണ് നിലവിൽ ഉപയോഗിക്കുന്നത്.

മലയാളി സന്നദ്ധപ്രവർത്തകരുടെ ആവശ്യം മൂലം ഫെയ്സ്ബുക്കിന്റെ ഓപ്പൺ സ്ട്രീറ്റ് മാപ്പ് (ഒഎസ്എം) സംഘം ഉപഗ്രഹചിത്രങ്ങളിൽ നിന്ന് മെഷീൻ ലേണിങ് വഴി കേരളത്തിലെ എല്ലാ റോഡുകളും കഴിഞ്ഞ ദിവസം അടയാളപ്പെടുത്തി. ചിത്രങ്ങളിൽ നിന്നു റോഡുകളും മറ്റും കംപ്യൂട്ടർ സ്വയം കണ്ടെത്തുന്ന രീതിയാണു പിന്തുടർന്നത്. ഇതിനു മുൻപ് തായ്‍ലൻഡിൽ മാത്രമാണു ഫെയ്സ്ബുക് സമാന മാപ്പിങ് നടത്തിയത്.

ഫെയ്സ്ബുക്കിന്റെ ഒഎസ്എം സംഘം മേധാവി ദൃഷ്ടി പട്ടേലിന്റെ നേതൃത്വത്തിൽ ഈ വിവരശേഖരം കൈമാറി. മൈക്രോസോഫ്റ്റ് മാപ്പിങ് സംഘത്തിന്റെ തലവൻ ജുബൽ ഹാർപ്സ്റ്റെറും സംഘവും മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ഇടുക്കി, ആലപ്പുഴ ജില്ലകളുടെ മാപ്പിങ് നടത്തുന്നുണ്ട്. കേരളത്തിലെ 2.18 ലക്ഷം കിലോമീറ്റർ റോഡിൽ ഓപ്പൺ സ്ട്രീറ്റ് പ്ലാറ്റ്ഫോമിൽ ഇതുവരെ അടയാളപ്പെടുത്തിയിരിക്കുന്നത് വെറും 48,000 കിലോമീറ്റർ മാത്രമായിരുന്നു.

related stories