Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ത്വനവുമായി രാഹുൽ ഗാന്ധി ഇടുക്കിയിൽ; ദുരിതാശ്വാസ ക്യാംപുകളും ചെറുതോണി പാലവും സന്ദർശിച്ചു

Rahul-at-Idukki ഒപ്പമുണ്ട്, കരുതലായി: ഇടുക്കി ചെറുതോണി വെള്ളാപ്പാറ വനംവകുപ്പ് ഡോർമെറ്ററിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപ് സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രളയ ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നു.

ചെറുതോണി∙ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കു സാന്ത്വനവുമായി രാഹുൽ ഗാന്ധിയെത്തി. ‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’ എന്ന രാഹുലിന്റെ ആശ്വാസവാക്ക് എല്ലാം നഷ്ടപ്പെട്ടവർക്ക്  ഊർജമായി. 

ഇന്നലെ വയനാട് സന്ദർശിക്കാനായിരുന്നു രാഹുലിന്റെ ആദ്യ പരിപാടി. കനത്ത മഴ മൂലം വയനാട്ടിലേക്കു യാത്ര പറ്റാതെവന്നതോടെ ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു കൊച്ചിയിൽനിന്ന് ഇടുക്കിയിലേക്കുള്ള വരവ്.   ഒരുമണിക്കു പൈനാവ് ഏകലവ്യ മോഡൽ റിസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി വെള്ളാപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലാണ് ആദ്യമെത്തിയത്. 39 കുടുംബങ്ങളിൽനിന്നായി 106 പേരാണ് ക്യാംപിലുണ്ടായിരുന്നത്. 

ആളുകളുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കാര്യങ്ങൾ വിശദീകരിച്ചു. ദുരിത ബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നു രാഹുൽ ആവശ്യപ്പെട്ടു.  ഇടുക്കി അണക്കെട്ട് തുറന്നുവിട്ടപ്പോഴുണ്ടായ കുത്തൊഴുക്കിൽ തകർന്ന ചെറുതോണി പാലം കാണാനും രാഹുലെത്തി. പാലത്തിലൂടെ നടന്ന് മറുകരെ വരെ പോയി നാശനഷ്ടങ്ങൾ വിലയിരുത്തി.  തകർന്ന കടകളും മറ്റും അടുത്തുപോയി കണ്ടു. 

എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിവരും ഒപ്പമുണ്ടായിരുന്നു. 

രണ്ടു ഹെലികോപ്റ്ററുകളിലാണു രാഹുലും സംഘവും ഇടുക്കിയിലെത്തിയത്. രാഹുൽ  ഗാന്ധിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ആദ്യം ഹെലികോപ്റ്ററിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിലിറങ്ങിയത്. ഇവർ ആദ്യം വെള്ളപ്പാറയിലേക്കു പോയി. പത്തുമിനിറ്റു കഴിഞ്ഞ് മറ്റൊരു ഹെലികോപ്റ്ററിൽ  മുകുൾ വാസ്നികും കെ.സി. വേണുഗോപാലും  ഡീൻ കുര്യാക്കോസും എത്തി.

സങ്കടം പറഞ്ഞില്ല; സന്തോഷം മാത്രം

ചെറുതോണി പാലത്തിനു സമീപം ചെറിയ കട നടത്തിയിരുന്ന സുലൈഖ രാഹുൽ ഗാന്ധിയെ കണ്ട നിമിഷം വികാരനിർഭരമായിരുന്നു.  പ്രളയത്തിൽ കടയും വീടും നഷ്ടപ്പെട്ട സുലൈഖയുടെ ഭർത്താവും നേരത്തെ മരിച്ചു.  രാഹുൽ ഗാന്ധിയെക്കണ്ടു നേരിട്ടു സങ്കടം പറയാൻ കാത്തിരിക്കുകയായിരുന്നു സുലൈഖ. രാഹുൽ അടുത്തെത്തിയതും രണ്ടു കരങ്ങളിലും പിടിച്ചവർ പറഞ്ഞു.  ‘‘ഞങ്ങൾക്കു കാണാനുള്ള അവസരം തന്നതിൽ ഒത്തിരി സന്തോഷം.’’ 

കേന്ദ്രം കൂടുതൽ സഹായം നൽകണം

കൊച്ചി ∙ കേരളത്തിനു കേന്ദ്ര സർക്കാർ കൂടുതൽ സഹായം നൽകണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾക്ക് ഇതിന് അവകാശമുണ്ട്. ഇപ്പോൾ നൽകിയ കേന്ദ്ര സഹായം അപര്യാപ്തമാണെന്നും ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.