Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം തോർന്നു; പ്രസംഗം പെയ്യുന്നു

Kerala-Assembly-LDF

മഴ തോർന്നാലും മരം പെയ്യുമെന്നു പറഞ്ഞത് എത്ര ശരി? പ്രളയമൊഴിഞ്ഞു, എന്നാൽ പ്രസംഗങ്ങളുടെ പ്രളയം അവസാനിക്കാൻ പോകുന്നില്ല. പ്രളയക്കെടുതിയെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്കു നീക്കിവച്ചതു നാലു മണിക്കൂർ. എട്ടേ മുക്കാൽ മണിക്കൂർ ചർച്ച ചെയ്തിട്ടും ചർച്ച അന്തവും കുന്തവുമില്ലാതെ മുന്നേറുകയായിരുന്നു. പ്രസംഗ പ്രളയത്തിൽ നിന്നു കേരളത്തെ രക്ഷിക്കാൻ സൈന്യത്തെ വീണ്ടും വിന്യസിക്കേണ്ട സ്ഥിതി വരെയെത്തി കാര്യങ്ങൾ.

എന്നാൽ സമ്മേളനംകൊണ്ട് എന്തു നേടിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രി തന്നെ മറുപടി നൽകി. ക്രിയാത്മകമായ ഒരു നിർദേശവും ലഭിച്ചില്ലെന്ന് അദ്ദേഹം സമ്മതിച്ചു. നിയമസഭ ഒരു ദിവസം ചേരാൻ ചെലവായ ലക്ഷങ്ങൾ ‘സ്വാഹാ’ എന്നു ചുരുക്കം.

അസാധാരണ സാഹചര്യത്തിലാണു സഭയുടെ അടിയന്തര സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ആമുഖമായി പറഞ്ഞു. എന്നിട്ടും ഫലമില്ലാത്തതു കാരണം നവീന നിർദേശങ്ങൾ സമർപ്പിക്കണമെന്ന് അദ്ദേഹം വീണ്ടും ഓർമിപ്പിച്ചു. എന്നാൽ ഇതെല്ലാം തലേദിവസം പറഞ്ഞിരുന്നെങ്കിൽ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന നിർദേശങ്ങൾ തങ്ങൾ കൊണ്ടുവരുമായിരുന്നു എന്ന മട്ടും മാതിരിയുമായിരുന്നു എംഎൽഎമാർക്ക്.

തുടർച്ചയായി പരസ്യശാസന ഏറ്റുവാങ്ങാനാണു സിപിഐക്കാരുടെ വിധിയെന്നു തോന്നുന്നു. മന്ത്രി കെ.രാജുവിനെ ശാസിച്ചതു പാർട്ടിയാണെങ്കിൽ എൽദോ ഏബ്രഹാമിനെ ശാസിച്ചതു സാക്ഷാൽ മുഖ്യമന്ത്രിയാണ്.

കർത്താവിന്റെ പന്ത്രണ്ടു ശിഷ്യൻമാരിൽ 10 പേരും മൽസ്യത്തൊഴിലാളികൾ ആയിരുന്നുവെന്ന് എസ്.ശർമ ഓർമിപ്പിച്ചു. കാരിരുമ്പിന്റെ കരുത്തു മനസ്സിലും ശരീരത്തിലും സൂക്ഷിക്കുന്ന മൽസ്യത്തൊഴിലാളികളാണു പ്രളയത്തിൽ പെട്ടവരെ രക്ഷിക്കാൻ ആദ്യമെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വീടു നഷ്ടപ്പെട്ടതിനു നഷ്ടപരിഹാരം കിട്ടാൻ വീടിന്റെ ഫോട്ടോ വില്ലേജ് ഓഫിസർക്കു നൽകണമെന്ന വ്യവസ്ഥ പി.കെ.ബഷീറിനു തെല്ലും പിടിച്ചിട്ടില്ല. ‘‘ജീവനും കൊണ്ടോടുമ്പോൾ പൊരേന്റെ ഫോട്ടോ പിടിക്കുകയാണോ’’ എന്ന ന്യായമായ സംശയമാണ് അദ്ദേഹം ഉന്നയിച്ചത്. വനത്തിൽ എങ്ങനെയാണ് ഉരുൾപൊട്ടലുണ്ടാകുന്നതെന്ന ചോദ്യം പി.സി.ജോർജ് ഉന്നയിച്ചതു പരിസ്ഥിതിവാദികളോടാണ്.

പ്ലം ജൂഡി റിസോർട്ടിനു നോട്ടിസ് നൽകിയതു കൊണ്ടു പ്രകൃതിയുടെ വിധിയെ തടുക്കാനാവില്ലെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞതു ശ്രദ്ധേയമായി. വില്ലേജ് ഓഫിസർ വിചാരിച്ചാൽ വിധിയെ തടുക്കാനാവില്ലെന്ന അതേ ന്യായം. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ മൂന്നാർ ദൗത്യം പാതിവഴിയിൽ നിർത്തേണ്ടി വന്നതിനെക്കുറിച്ചു വി.എസ്.അച്യുതാനന്ദൻ പറഞ്ഞതിനു ശേഷമായിരുന്നു പ്രമുഖ പരിസ്ഥിതി സംരക്ഷകനായ രാജേന്ദ്രൻ ഇതു പറഞ്ഞത്.

അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനാവുക എന്ന പ്രയോഗത്തിന്റെ സകല മാനങ്ങളും ചർച്ചയിൽ പ്രകടമായി. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ, റാന്നി എംഎൽഎ രാജു ഏബ്രഹാം എന്നിവർ ശ്രദ്ധേയരായതു ചർച്ചയിലെ അസാന്നിധ്യം കൊണ്ടായിരുന്നു. അങ്ങനെയും ശ്രദ്ധേയരാവാൻ ചിലർക്കു ചില കാലത്തു വിധിയുണ്ടാകുമെന്നു കരുതി സമാശ്വസിക്കാം.

ഇന്നത്തെ വാചകം: ബാർ തുറക്കുന്ന ലാഘവത്തോടെ സർക്കാർ ഡാം തുറക്കരുത്. - എം.കെ.മുനീർ